കളിക്കുന്നതിനിടയിൽ ഒരു വയസ്സുകാരിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങി

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി വീട്ടുകാർ കുട്ടിയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മലപ്പുറത്ത് നിന്നും അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.

കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്‌നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്‌നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ ആർ.വി.സജികുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ സി.പി.അൻവർ, വി.പി.നിഷാദ്, എ.എസ്.പ്രദീപ്, കെ.എം.മുജീബ്, കെ.അഫ്‌സൽ, വി.നിസാമുദ്ദീൻ, കെ.ടി.സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.