ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; 10 പേർ കസ്റ്റഡിയിൽ, ബൈക്കിന്റെ നമ്പർ കിട്ടി
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും.
ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളിൽ ഒന്നിന്റെ നമ്പർ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പത്ത് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലാണ്.
അഡീഷണൽ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയർന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ.
പൊലീസിനെതിരെ ബിജെപി
ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്തെത്തി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിൻവലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഡി പി ഐ പ്രവർത്തകർ കൊലവിളി നടത്തി. ഇത് പൊലീസ് അവഗണിച്ചു. കൊലപാതത്തിന് പൊലീസ് സഹായം ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനിവാസന്റെ ശരീരത്തിൽ പത്തോളം മുറിവുകൾ
പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി