ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; എഫ്‌ഐആര്‍

പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം.

ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഇവര്‍ കടയില്‍ എത്തിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു. അതേസമയം ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്.

ബൈക്ക് വായ്പ ആവശ്യത്തിനായി മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ആര്‍എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

മേലാമുറിയില്‍ ‘എസ് കെ എസ്. ഓട്ടോസ്’ എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്‌കൂട്ടറുകളില്‍ എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.