സന്തോഷ് ട്രോഫി; കേരളം രണ്ടു ഗോള്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്

മലപ്പുറം: കോട്ട കെട്ടി കേരള ആക്രമണങ്ങള്‍ക്ക് തടയിട്ട പശ്ചിമ ബംഗാളിനെ അവസാന മിനിറ്റുകളിലെ ഗോളുകളിലൂടെ മറികടന്ന് കേരളം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം മറികടന്നത്. കേരള ഡിഫന്‍ഡര്‍ ജി. സഞ്ജുവാണ് കളിയിലെ താരം.

85-ാം മിനിറ്റില്‍ പി.എന്‍. നൗഫല്‍, ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെസിന്‍ ടി.കെ എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.
26-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ മികച്ചൊരു ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത്കുമാര്‍ പിടിച്ചെടുത്തു. തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും തിങ്ങിനിറഞ്ഞ 23,000-ലേറെ കാണികളെ സാക്ഷിയാക്കി മികച്ചകളിയാണ് കേരളം പുറത്തെടുത്തത്.

85-ാം മിനിറ്റില്‍ ജെസിന്‍ തുടങ്ങി വെച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. ജെസിന്‍ നല്‍കിയ പന്ത് ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നൗഫലിന് നല്‍കി. ഒട്ടും സമയം പഴാക്കാതെ നൗഫല്‍ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കേരളത്തിന് ആശ്വാസമായി ഈ ഗോള്‍. 49,51,52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയിരുന്നു. 49-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം കേരളം നഷ്ടപ്പെടുത്തി. ബംഗാള്‍ ഗോളിയുടെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഷിഗില്‍ നല്‍കിയ പന്ത് പക്ഷെ, വിഘ്‌നേഷ് ബാറിന് മുകളിലൂടെ പറത്തി.

പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് സഹീഫിന്റെ പാസില്‍നിന്ന് ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി. ബംഗാള്‍ പ്രതിരോധ താരങ്ങളുടെ തളര്‍ച്ച മുതലെടുത്ത് സഹീഫ് ഒരുക്കിയ അവസരം ജെസിന്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു.