ടെമ്പോ ഓടിക്കുന്നവരെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കി; അപകടങ്ങള്‍ക്ക് കാരണമിതെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍. ശ്രദ്ധക്കുറവാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ ശത്രുക്കളായി കണ്ടാല്‍ ആര് വിചാരിച്ചാലും സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. പ്രതികാര നടപടിക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം തീര്‍ക്കാന്‍ തന്നെയാണ് സംഘടനയും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രശ്‌നം വഷളാക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരേപിച്ചു. ജീവനക്കാരോട് പ്രതികാര മനോഭാവം വച്ചുപുലര്‍ത്തി അവരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംഘടനകളുടെ പണിമുടക്ക് വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം സിഐടിയുവിനില്ല. ഏപ്രില്‍ 28ന് പ്രഖ്യാപിച്ച സൂചന പണിമുടക്കില്‍ മാറ്റമില്ലെന്നും ആനത്തലവട്ടം പറഞ്ഞു. അതേസമയം വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിനെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. യൂണിയനുകളുമായി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി ഇന്ന് ചര്‍ച്ച നടത്തും.

വൈദ്യുതി ഭവന്‍ ഉപരോധത്തിന് അനുമതി നിഷേധിച്ച് ചെയര്‍മാന്‍ ബി അശോക് കുമാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സര്‍വീസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതിയും അറിയിച്ചു.