പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്നു പേര്‍ പിടിയില്‍


കോട്ടയം:  കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു വരികയായിരുന്നു പ്രതികളെന്ന് കടുത്തുരുത്തി പോലീസ് വ്യക്തമാക്കി. ഈ പ്രദേശങ്ങളിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായ പരാതിയില്‍ ആണ് പോലീസ് മൂന്നു യുവാക്കളെയും അറസ്റ്റ് ചെയ്തത്. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ്  പ്രതികളെ കടുത്തുരുത്തി പോലീസ് പിടികൂടിയത്.
17 ഉം 16 ഉം വയസ് പ്രായമുള്ള  പെൺകുട്ടികളുടെ മൊഴിയെടുത്താണ് കേസെടുത്തത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. അന്വേഷണം നടത്തിയ പോലീസ് ഏറെ ഗൗരവമുള്ള വിവരങ്ങൾ കണ്ടെത്തി.  പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുമ്പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ചു ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് ഇയാള്‍ പ്രണയതട്ടിപ്പിനായി കളമുണ്ടാക്കിയെടുത്തത് എന്നാണ് പോലീസ് പറയുന്നത്. മറ്റു പ്രതികളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെയെത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായിട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കടുത്തുരുത്തിയില്‍ ഒരു വീട്ടിലും കല്ലറയിലെ ഒരു ലോഡ്ജിലുമായി ഏറേ നാളുകള്‍ താമസിച്ച പ്രതികളിൽ ഒരാൾ ആദ്യം കല്ലറക്കാരിയായ ഒരു പെണ്‍കുട്ടിയെയാണ് പ്രണയത്തില്‍ കുരുക്കിയത്. പ്രണയകുരുക്കിൽ വീഴ്ത്താൻ പരസ്പരം പ്രതികൾ സഹായിച്ചിരുന്നതായും പോലീസ് പറയുന്നു.

കടുത്തുരുത്തിയിലെ ഒരു ലോഡ്ജിലും ഇവര്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഒരു പെൺകുട്ടിക്കൊപ്പം ലൈംഗികമായി ഇടപെടുന്നത് കണ്ടതിന് പിന്നാലെയാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. തുടർന്ന് പോലീസിനെ കണ്ടു ബന്ധുക്കൾ പരാതി നൽകി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ അറസ്റ്റിലേക്ക് പോയത്. കടുത്തുരുത്തിയിലെ ലോഡ്ജിൽ വെച്ചാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.  ഇക്കാര്യം അറിഞ്ഞ ലോഡ്ജ് അധികൃതര്‍ ഇവരെ ഇവിടെ നിന്നും ഇറക്കി വിടുകയായിരുന്നു.

അറസ്റ്റിലായ യുവാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ലഹരിയുടെ സ്വാധീനം കൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക്  യുവാക്കൾ കടക്കുന്നത് എന്ന് സംശയമാണ് പോലീസ് പങ്കുവെക്കുന്നത്. കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ്, എസ്‌ഐ വിബിന്‍ ചന്ദ്രന്‍, എഎസ്‌ഐമാരായ സി.ടി. റെജിമോന്‍, വി.വി. റോജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.സി. തുളസി, സിപിഒമാരായ എ.എ. അരുണ്‍, അനൂപ് അപ്പുകുട്ടന്‍, എ.കെ. പ്രവീണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി  കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് തീരുമാനം. കൂടുതൽ പെൺകുട്ടികൾ ഇത്തരം യുവാക്കളുടെ വലയിലകപ്പെട്ടോ എന്ന കാര്യം  പോലീസ് പരിശോധിച്ചുവരികയാണ്