ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു; അംഗീകാരം നൽകി മന്ത്രിസഭായോഗം
തിരുവനന്തപുരം: ബസ് ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. മെയ് ഒന്ന് മുതലായിരിക്കും ബസ് ചാർജ് വർധന നിലവിൽ വരുന്നത് എന്നാണ് പ്രാഥമിക വിവരം.
ഇന്ന് തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ മാസം ചേർന്ന എൽഡിഎഫ് യോഗം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിർദ്ദേശിച്ച നിരക്കു വർധനയ്‌ക്ക് പച്ചക്കൊടി കാണിച്ചിരുന്നു. ഇത് തത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭാ യോഗം നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് നാല് വർഷത്തിന് ശേഷമാണ് ബസ് ചാർജ്ജ് മിനിമം നിരക്ക് വർധിപ്പിക്കുന്നത്. 2018ലാണ് മിനിമം ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്തിയത്. എന്നാൽ കിലോമീറ്റർ നിരക്ക് 2021ൽ കൂട്ടിയിരുന്നു. കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 90 പൈസയാക്കിയാണ് അന്ന് ഉയർത്തിയത്. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്‌സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും.