ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്; ഇപി ജയരാജന് മറുപടിയുമായി കെപിഎ മജീദ്
മലപ്പുറം: ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്ന് കെപിഎ മജീദ്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപി ജയരാജന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദിന്റെ മറുപടി. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് കെപിഎ മജീദ്.
മുന്നണി മാറ്റം ആലോചനയില്‍ ഇല്ലെന്ന് കൂടി ആവര്‍ത്തിക്കുകയാണ് കെപിഎ മജീദ്. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗ്, വളരുകയേയുള്ളൂ എന്നും മജീദ് ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കര്‍ ആണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു കെപിഎ മജീദിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയും ലീഗിനെ പ്രശംസിച്ചുമായിരുന്നു ഇപി ജയരാജന്റെ പരാമര്‍ശങ്ങള്‍. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കട്ടെ. ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമാണ് അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
ഇടതു മുന്നണിയിലേക്ക് വരണമെന്ന് പലര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ട്. പിസി ചാക്കോ ഇപ്പോള്‍ എന്‍സിപിയിലാണ്. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരേയും ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കും ഇപി ജയരാജന്‍ പറഞ്ഞു.