പത്മഭൂഷന് വേണ്ടി പ്രിയങ്കയ്ക്ക് രണ്ട് കോടി നൽകി പെയിന്റിംഗ് വാങ്ങിപ്പിച്ചു; പണം സോണിയ അമേരിക്കയിൽ ചികിത്സ നടത്തി; റാണാ കപൂറിന്റെ മൊഴി



ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയിൽ നിന്നും എംഎഫ് ഹുസൈൻ വരച്ച ചിത്രം രണ്ട് കോടി നൽകി വാങ്ങാൻ മുൻ കേന്ദ്ര മന്ത്രി നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക കുറ്റത്തിന് എൻഫോഴ്സ് മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണാ കപൂറിന്റെ മൊഴി. പത്മഭൂഷൺ ലഭിക്കുന്നതിനായും, ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നതിനും ഈ തുക കൈമാറിയെന്നും, തുടർന്ന് ഈ തുക ഉപയോഗിച്ചാണ് സോണിയ അമേരിക്കയിൽ ചികിത്സ തേടിയതെന്നും മൊഴിയിലുണ്ട്.

എം എഫ് ഹുസൈൻ വരച്ച പെയിന്റിംഗ് വാങ്ങാൻ അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദേവ്‌റെയാണ് റാണയെ നിർബന്ധിപ്പിച്ചത്. എം എഫ് ഹുസൈൻ പെയിന്റിംഗ് വാങ്ങാൻ വിസമ്മതിച്ചാൽ അത് ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും ‘പത്മഭൂഷൺ’ ലഭിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. തന്റെ കുടുംബത്തിന് പെയിന്റിംഗ് പോലെയുള്ള വസ്തുക്കളിൽ താത്പര്യമില്ലാതിരുന്നിട്ടും താൻ രണ്ട് കോടി രൂപയുടെ ചെക്ക് നൽകിയെന്ന് കപൂർ മൊഴിയിൽ പറയുന്നു. അന്തരിച്ച മുരളി ദേവ്റയുടെ മകനും മുൻ കോൺഗ്രസ് എംപിയുമായ മിലിന്ദ് ദേവ്റയാണ് പിന്നീട് താൻ നൽകിയ പണം ഗാന്ധി കുടുംബം ചികിത്സയ്ക്കായി വിനിയോഗിച്ചതായി രഹസ്യമായി പറഞ്ഞത്.

സോണിയാ ഗാന്ധിയുടെ വൈദ്യചികിത്സയ്ക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ പിന്തുണച്ചതിനാൽ നല്ല പ്രവൃത്തി ചെയ്തുവെന്ന് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായും കപൂർ ഇഡിയോട് പറഞ്ഞു. ‘പത്മഭൂഷൺ’ അവാർഡിന് യഥാവിധി പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചു.

2020 മാർച്ചിലാണ് റാണാ കപൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായത്. പ്രിയങ്ക ഗാന്ധിയിൽ നിന്നും എം എഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങുന്നതിനായി മിലിന്ദ് ദിയോറ റാണാ കപൂറിന്റെ വീട്ടിലും ഓഫീസിലും നിരവധി തവണ സന്ദർശനം നടത്തിയിരുന്നു. ഒന്നിലധികം മൊബൈൽ നമ്പറുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് കോളുകളും സന്ദേശങ്ങളും അയച്ചു. ഈ ഇടപാട് ഒഴിവാക്കാൻ താൻ പലതവണ ശ്രമിച്ചതായും റാണ ഇഡിയോട് വെളിപ്പെടുത്തി. എന്നാൽ 2010ൽ ന്യൂ ഡൽഹിയിലെ ലോധി എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ച് അത്താഴത്തിന് എത്താൻ മുരളി ദേവ്ര നിർബന്ധിച്ചു. അവിടെ വച്ച് കേന്ദ്ര മന്ത്രികൂടിയായ മുരളി ദേവ്ര പെയിന്റിംഗ് വാങ്ങാൻ ഇനിയും താമസം ഉണ്ടായാൽ അത് തന്നെയും യെസ് ബാങ്കിനെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇടപാട് സംബന്ധിച്ച നടപടി ക്രമങ്ങൾ പ്രിയങ്ക ഗാന്ധി വദ്രയുടെ ഓഫീസിൽ നടന്നതായും കപൂർ ഇഡിയോട് പറഞ്ഞു.