സന്തോഷ് ട്രോഫി; സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. 8.00 മണിക്ക് നടത്താനിരുന്നു മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്ക് മാറ്റി. നോമ്പുകാലമായതിനാല്‍ നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് മത്സര സമയം 8.30 ലേക്ക് മാറ്റിയത്. ഏപ്രില്‍ 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ മണിപ്പൂര്‍ വെസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. ഫൈനല്‍ മെയ് 2 ന് തന്നെ നടക്കും.
സെമിക്കും ഫൈനലിനും ടിക്കറ്റില്‍ വര്‍ദ്ധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഒഫ്ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വിതരണം (26-04-2022) ആരംഭിക്കും. https://santoshtrophy.com/ എ്ന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് 3 മണിയോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം.
മത്സരം കാണാനെത്തുന്നവര്‍ 7.30 ന് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതാണ്.