അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം ആണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എക്കാലത്തും മതേതരത്വം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്. തരാതരം പോലെ തീവ്രവാദ ശക്തികളെ സഹായിച്ച നിലപാട് ആണ് സി.പി.എമ്മിനുള്ളത്. മതേതര കേരളത്തെ അതേപോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം പല സ്ഥലത്തും ബന്ധമുണ്ടാക്കിയിരുന്നു. ഇത് മറച്ചുവെക്കാനാണ് ഇപ്പോള്‍ ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത്. – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്ത് മതേതര ഇന്ത്യക്ക് നേതൃത്വം നല്‍കാന്‍ ശക്തമായ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കേരളം വിട്ടാല്‍ മാത്രമേ സി.പി.എം ഇത് അംഗീകരിക്കുകയുള്ളൂ. അവനവന് തന്നെ വിശ്വാസമില്ലാത്ത വര്‍ത്തമാനമാണ് കോണ്‍ഗ്രസിനെതിരെ സി.പി.എം പറയുന്നത്. മതേതര ശക്തികളെ നയിക്കാന്‍ ഏറ്റവും യോഗ്യമായ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ബംഗാളില്‍ സി.പി.എമ്മിന് എവിടെയെങ്കിലും ഒരു ഇരിക്കക്കൂര കിട്ടണമെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായം വേണം. മതേതരത്വവും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. സി.പി.എമ്മിന്റെ വിമര്‍ശനം കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പോറലും ഏല്‍ക്കില്ല. – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.