സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി; പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയം ഇന്നും ബഹിഷ്കരിച്ച് അധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍. എന്നാല്‍ അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഉത്തരസൂചികയില്‍ അപാകതയില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യസമയത്ത് തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളില്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പാണ് അധ്യാപകര്‍ ഇന്നും ബഹിഷ്‌കരിച്ചത്.

ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഉത്തരസൂചിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടികള്‍ എടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം, പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി  ടീച്ചേഴ്സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി.എ.) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പ്രാകൃതമാണെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് അധ്യാപകരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും എച്ച്.എസ്.എസ്.ടി.എ പ്രതികരിച്ചു.
കോപ്പിയടിച്ചാലും ഇറക്കിവിടരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി

പരീക്ഷാ ഹാളിൽ കോപ്പിയടി പിടിച്ചാൽ വിദ്യാർഥികളെ ഹാളിൽ നിന്ന് ഇറക്കിവിടരുതെന്ന് സര്‍വകലാശാല പരീക്ഷാ പരിഷ്കരണ സമിതി. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കരുത്. ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പർ നൽകി പരീക്ഷ തുടരുകയും വേണം. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാം.

പാലായിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറക്കി വിട്ട വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിർദേശമെന്നു എം.ജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദ കുമാർ പറഞ്ഞു.