വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
‘യൂസഫലിയുടെ മാള്… ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്‍ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.’- പ്രസംഗത്തിൽ ജോർജ് പറഞ്ഞു.
‘ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ… ചായയ്ക്കുള്ളിൽ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. ഇംപൊട്ടന്‍റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.’ – അദ്ദേഹം ആരോപിച്ചു.
വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞത്. പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയാൻ പി.സി ജോർജ് തയാറാകണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.