ഷൂട്ടൗട്ട് ത്രില്ലറില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഏഴാം കിരീടം

മലപ്പുറം: 1993ന് ശേഷം ആദ്യമായി സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി വിജയവുമായി കേരളം. ഇന്ന് നടന്ന ഫൈനലിൽ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിയാതെ വന്നതിനെ തുടർന്ന മത്സരം അധികസമയത്തേക്ക് കടക്കുകയായിരുന്നു. അധിക സമയത്ത് ഓരോ ഗോളുകൾ വീതം കേരളവും ബംഗാളും നേടിയതിനെ തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 97ാം മിനിട്ടിൽ ബംഗാളിന് വേണ്ടി ദിലിപ് ഒർവാനും 117ാം മിനിട്ടിൽ കേരളത്തിന് വേണ്ടി സഫ്നാദും ഗോളുകൾ നേടി.

പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ ഒരു കിക്ക് പാഴാക്കിയപ്പോൾ കേരളം തങ്ങളുടെ എല്ലാ കിക്കുകളും ഗോളാക്കി മാറ്റി. ഷൂട്ടൗട്ടിനിടയ്ക്ക വച്ച് ഇരുടീമുകളും തങ്ങളുടെ ഗോൾകീപ്പർമാരെ മാറ്റിയതും കൗതുകമായി. കേരളത്തിന് വേണ്ടി മിഥുൻ ആദ്യത്തെ മൂന്ന് കിക്കുകളിലും പോസ്റ്റിന് കീഴിൽ നിലയുറപ്പിച്ചപ്പോൾ അവസാനത്തെ രണ്ട് കിക്കുകൾക്ക് വേണ്ടി ഹജ്മൽ എത്തി. മറുവശത്ത് അവസാന കിക്കിന് തൊട്ടുമുമ്പായിട്ടാണ് ബംഗാൾ തങ്ങളുടെ ഗോൾക്കീപ്പർ പ്രിയന്ത് സിംഗിനെ മാറ്റി രാജാ ബർമനെ ഇറക്കുന്നത്.


ആദ്യ ഇലവനിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മദ്ധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈൻ ഖാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി 5-3-2 ഫോർമേഷനിലാണ് ബംഗാൾ ഇറങ്ങിയത്. അഞ്ചാം മിനിട്ടിൽ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോർണറിൽ നിന്ന് ഫർദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈൻ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 10 ാം മിനിട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് നിജോ ഗിൽബേർട്ട് നൽകിയ പാസ് സ്‌ട്രൈക്കർ വിക്‌നേഷിന് സ്വീകരിക്കാൻ സാധിച്ചില്ല.

19 ാം മിനിട്ടിൽ ഷികിലിനെ ബോക്സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്ടൻ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു. 23 ാം മിനിട്ടിൽ ബംഗാളിന് സുവർണാവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നിൽ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് അർജുൻ ജയരാജും ജിജോ ജോസഫും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ അർജുൻ ബോക്സിലേക്ക് പന്ത് നൽകിയെങ്കിലും സ്വീകരിച്ച വിക്‌നേഷ് പുറത്തേക്ക് അടിച്ചു. ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്‌നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനുട്ടിന് ശേഷം ഇടതു വിംഗിലൂടെ മുന്നേറിയ സഞ്ജു ലോംഗ് റെയ്ഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ മനോഹരമായി തട്ടിയകറ്റി.

നൗഫലിന്റെ ഒരു ഉഗ്രൻ ആക്രമണത്തോട് കൂടിയാണ് രണ്ടാം പകുതി ആരംഭിച്ചത്. 58 ാം മിനിട്ടിൽ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാൾ പ്രതിരോധ പാസിങ്ങിൽ വരുത്തിയ പിഴവിൽ ജിജോ ജോസഫ് രണ്ട് ബംഗാൾ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 62 ാം മിനിട്ടിൽ ബംഗാളിന് ലഭിച്ച ഉഗ്രൻ അവസരം കേരളാ ഗോൾകീപ്പർ തട്ടിയകറ്റി. ഇടതു വിംഗിൽ നിന്ന് തുഹിൻ ദാസ് എടുത്ത കിക്കാണ് മിഥുൻ തട്ടിയകറ്റിയത്. 64 ാം മിനിട്ടിൽ ക്യാപ്ടൻ ജിജോയുമൊത്ത് വൻടൂ കളിച്ച് മുന്നേറിയ ജെസിൻ ഇടത് കാലുകൊണ്ട് ബോക്സിന് പുറത്തുനിന്ന് ഷോട്ട് എടുത്തെങ്കിലും പുറത്തേക്ക് പോയി. മത്സരം ആദ്യ പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തെ തേടി രണ്ട് സുവർണാവസരങ്ങൾ ലഭിച്ചു.
എക്സ്ട്രാ ടൈമിന്റെ 97 ാം മിനിട്ടിൽ ബംഗാൾ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ബോക്സിന് അകത്ത്നിന്നിരുന്ന ദിലിപ് ഒർവാൻ കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി. 117 ാം മിനിട്ടിൽ കേരളം സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെയായിരുന്നു ഗോൾ. തുടർന്നായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.