പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി വാർത്തകളിൽ ഇടം പിടിച്ച നന്മമരം ജൈസൽ താനൂർ പിടിയിൽ
മലപ്പുറം: താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പൊലീസ് പിടികൂടി. പ്രളയകാലത്ത് മുതുക് ചെവിട്ടുപടിയാക്കി നൽകി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെ പുരക്കൽ ജെയ്സൽ താനൂരിനെ (37 )യാണ് പിടികൂടിയത്. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറിൽ ഇരിക്കുകായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ഒരുലക്ഷം രൂപ കൊടുത്തില്ല എങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറയുകയും കൈയിൽ പണമില്ലന്ന് പറഞ്ഞ് തുടർന്ന് പുരുഷന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 5000 രൂപ കൈപ്പറ്റിയ ശേഷം ഇവരെ പോകാൻ അനുവദിക്കുകയും ചെയ്തതായാണ് പരാതി.
തുടർന്ന് ഭീക്ഷണിക്കു ഇരയായവർ നൽകിയ പരാതിയെ തുടർന്നാണ് താനൂർ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും, ബുധനാഴ്ച്ച താനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
താനൂർ സിഐ. ജീവൻ ജോർജിന്റെ നിർദ്ദേശപ്രകാരം താനൂർ എസ് .ഐ ശ്രീജിത്ത്, എസ്ഐ. രാജു, എഎസ്ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണ പ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ സ്വന്തം മുതുക്ക് കാണിച്ച് കൊടുത്ത് പ്രശസ്തി നേടിയ ആളാണ് ജെയ്സൽ. ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയെന്നും പൊലീസ് അറിയിച്ചു. നാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും