മറ്റൊരു ബന്ധത്തിലുണ്ടായ മകളുടെ വിവാഹത്തിന് ഭാര്യയോട് പണം ആവശ്യപ്പെട്ടു; മുഹമ്മദ് മകളോട് പെരുമാറിയിരുന്നത് മോശമായി; പുറത്ത് വരുന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ
മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മൂന്നു കുട്ടികളാണ്. നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയായ മുഹമ്മദ് കുറച്ചു കാലമായി ഇവരിൽ നിന്നും അകന്നു കഴിയുകയായിരുന്നു. മൂത്ത മകളോട് ഇയാൾ നിരവധി തവണ മോശമായി പെരുമാറിതിനാലായിരുന്നു കുടുംബം വേർപ്പെട്ട് കഴിഞ്ഞിരുന്നത്.
ഇതിനിടയിൽ ഇയാൾ മറ്റൊരു വിവാഹം ചെയ്തിരുന്നു.ആ ബന്ധത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് ജാസ്മിനോട് ഇയാൾ പണം ചോദിച്ചിരുന്നു. എന്നാൽ പണമില്ലെന്ന് ഇവർ തീർത്തു പറയുകയായിരുന്നു. ഇതിൽ നിന്നുണ്ടായ പകയാണ് മുഹമ്മദിനെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഭാര്യയേയും കുട്ടികളെയും സ്വന്തം വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ഇയാൾ ജാസ്മിന്റെ വീട്ടിലെത്തിയത്. എന്നാൽ മൂത്തമകൾ മാത്രം പോകാൻ തയ്യാറായില്ല. രണ്ടു കുട്ടികൾക്കൊപ്പം ജാസ്മിനുമായി വീട്ടിലേക്ക് തിരിച്ച മുഹമ്മദ് പകുതി വഴിയിൽ വച്ച് മൂത്തമകളെ ഒരിക്കൽകൂടി വിളിക്കാം എന്നു പറഞ്ഞ് തിരിച്ചു വരികയായിരുന്നു.
വാഹനം ജാസ്മിന്റെ വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എത്തി ഇയാൾ മൂത്തകുട്ടിയെ വിളിക്കാൻ പുറത്തിറങ്ങി. ഈ സമയം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജാസ്മിൻ മെസേജിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം.
മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്.വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ 10 വയസുകാരിയായ മകൾ ഫാത്തിമ സഫ എന്നിവരാണ് കൂട്ടക്കുരുതിയിൽ മരിച്ചത്. പരിക്കേറ്റ അഞ്ച് വയസുകാരിയായ മകൾ ചികിത്സയിലാണ്.