മൈസൂരുവിലെ നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സ്ഫോടക വസ്തുക്കൾ കൈവശം വെച്ചത് മലപ്പുറത്തെ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താൻ, വൻ നഗൂഢത

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രതികളില്‍നിന്ന് പിടികൂടിയ പെന്‍ഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ കലവറയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. വൈദ്യനെ പീഡിപ്പിച്ചതിനുള്ള തെളിവ് മാത്രമല്ല നിരവധി രഹസ്യങ്ങളാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്.

​ഒറ്റ നോട്ടത്തിൽ മനസിലാകാത്ത വാക്കുകൾ
ഫോണ്‍ പാസ്വേഡ് വാങ്ങല്‍, പെണ്ണിനെ തീര്‍ക്കല്‍, സെര്‍ച്ച് ചെയ്യാനുള്ള ഏരിയ വീതിക്കല്‍, നടപ്പാക്കല്‍, അവളെ വലിക്കല്‍ തുടങ്ങിയ തലക്കെട്ടുകളില്‍ ഒറ്റവായനയിൽ പെട്ടെന്ന് മനസിലാകാത്ത് കുറേ എഴുത്തു കുത്തുകളും ഇതിലുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ രഹസ്യങ്ങൾ ഒരോന്നായി അഴിയും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. വൈദ്യരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍നിന്ന് രക്തക്കറയുള്ള ആയുധങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ പോലീസ്.

​ശാസ്ത്രീയ തെളിവുകൾ
മൃതദേഹം തുണ്ടം തുണ്ടമായി വെട്ടിയാണ് പുഴയിലേക്ക് വലിച്ചെറി‍ഞ്ഞത്. സംഭവം നടന്ന് 17 മാസം കഴിഞ്ഞാൽ അവശിഷ്ടം കണ്ടെത്താനാകും എന്ന മോഹം പോലീസിനില്ല. എന്നാൽ വെട്ടാനുപയോഗിച്ച് ആയുധത്തിലെ രക്തക്കറ പെട്ടൊന്നൊന്നും മാഞ്ഞ് പോകില്ല എന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. രക്തക്കറ കിട്ടിയാൽ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്തി തുമ്പുണ്ടാക്കാമെന്നാണ് പോലീസ് ചിന്തിക്കുന്നത്. രണ്ടും പൊരുത്തപ്പെട്ടാല്‍ നിര്‍ണായക സാഹചര്യത്തെളിവാകും.

​ഭാര്യയ്ക്കും പങ്കുണ്ടോ?
വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ(42) സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ച കാലത്ത് ഷൈബിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു. ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കുന്നതിനുൾപ്പെടെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.

​സാമ്പത്തിക സ്രോതസ്
സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ‌ പരിജ്ഞാനവും മാത്രമുള്ള ള്ള 42കാരന്റെ സാമ്പത്തിക വളർച്ചയും നിഗൂഢമാണ്. 10 വർഷം മുൻപാണ് അബുദാബിയിലെത്തിയത്. ഡീസൽ വ്യാപാരത്തിലാണ് തുടക്കം കുറിച്ചത്. അബുദാബിയിൽ സ്വന്തമായി റസ്റ്റോറന്റുണ്ട്. എന്നാൽ അബുദാബിയിലേക്ക് പോകാൻ ഷൈബിന് ഇപ്പോൾ‌ വിലക്കുണ്ട്. അതിനെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

​രാഷ്ട്രീയ നേതാവിനെ വധിക്കാനോ?
അതേസമയം നിലമ്പൂരിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഷൈബിന്റെ കൂട്ടുപ്രതിയായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടില്‍ നൗഷാദിന്റെ സഹോദരന്‍ അഷ്റഫിന്റെ വീട്ടുവളപ്പില്‍നിന്ന് പിടികൂടിയിരുന്നു. ഇതിനെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. ജില്ലയിലെ ഒരു രാഷ്ട്രീയനേതാവിനെ ലക്ഷ്യംവെച്ചാണ് സ്ഫോടക വസ്തുക്കൾ കൈവശ്യം വെച്ചതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പ്രതികള്‍ മുമ്പ് സഹകരിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ജില്ലാനേതാവിനെയാണ് അപായപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നാണ് സൂചന.