സമസ്ത നേതാവിന്റെ പരസ്യ പെൺവിലക്ക്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സമസ്ത നേതാവ് പെണ്‍കുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടുകയും ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും റിപ്പോര്‍ട്ട് നല്‍കണം.
കഴിഞ്ഞദിവസം മലപ്പുറം പെരിന്തല്‍മണ്ണയിലെ മദ്രസാ വാര്‍ഷികത്തില്‍ പുരസ്കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവമാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്. സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുള്ള മുസ്ല്യാരാണ് അധിക്ഷേപം നടത്തിയത്.
ഇദ്ദേഹത്തിനെതിരെ ഗവർണർ അടക്കം രംഗത്തുവന്നിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് പറഞ്ഞ ഗവർണർ സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. സമസ്‌ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല എന്നും ഗവർണർ പറഞ്ഞു.