വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ; മുന്നിൽ തടസ്സമായി വരുന്നതെല്ലാം തന്ത്രപൂർവം ഒഴിവാക്കുന്നതിൽ വിരുതൻ
വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ; മുന്നിൽ തടസ്സമായി വരുന്നതെല്ലാം തന്ത്രപൂർവം ഒഴിവാക്കുന്നതിൽ വിരുതൻ
മലപ്പുറം: നിലമ്പൂരിൽ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ വ്യവസായി ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ. തന്റെ മുന്നിൽ തടസ്സമായി വരുന്നതെല്ലാം തന്ത്രപൂർവം ഒഴിവാക്കുന്നതിൽ വിരുതനാണ് ഇയാൾ. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചതിന്റെ ചില ഭാഗങ്ങൾ കൂട്ടുപ്രതി എടുത്ത വീഡിയോയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇത് ഇയാളുടെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായിരുന്ന മുക്കം സ്വദേശി ഹാരിസിനെ ലക്ഷ്യമിട്ടായിരുന്നു എന്ന സംശയമാണ് ഉയരുന്നത്. ഹാരിസിനെ ഷൈബിനാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ആരോപിച്ചിട്ടുണ്ട്.
2020 മാർച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ കൈ ഞരമ്പ് മുറിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ സാറാബിയും സഹോദരി ഹാരിഫയും പറയുന്നു. ഇതുവരെ പരാതിപ്പെടാതിരുന്നത് ഷൈബിനെ ഭയന്നിട്ടാണ്. പ്രതികരിച്ചാൽ തങ്ങളെ അപായപ്പെടുത്തുമോ എന്ന് ഭയന്നിരുന്നു. ഷൈബിന്റെ സ്വാധീനത്തെ കുറിച്ച് അറിയാം. അതിനാലാണ് പരാതിപ്പെടാൻ ഭയപ്പെട്ടതെന്നും അവർ പറയുന്നു. ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്ന് ഈസ്റ്റ് മലയമ്മ മഹല്ല് കമ്മിറ്റി സെക്രട്ടറി ടി പി അഹമ്മദ് കുട്ടിയും അഭിപ്രായപ്പെട്ടു.
നാട്ടിൽ വന്ന് പുനർവിവാഹം കഴിക്കാൻ തീരുമാനിച്ച് നിൽക്കുമ്പോഴാണ് ഹാരിസിന്റെ മരണം. വീടുപണിയും നടന്നുവരികയായിരുന്നു. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം നാട്ടുകാരോടും വീട്ടുകാരോടും ഫോണിൽ സംസാരിച്ചിരുന്നു. അതിനാൽ ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്.
ഹാരിസും ഷൈബിൻ അഷ്റഫും വർഷങ്ങളായി സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇടയ്ക്ക് വച്ച് ഇരുവരും തമ്മിൽ തെറ്റി. ഹാരിസിന്റെ ജീവന് ഭീഷണി നിലനിന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ഹാരിസ് സ്വയരക്ഷയ്ക്കായി തോക്കിന് അപേക്ഷിച്ചിരുന്നു. പലതവണ ഷൈബിന്റെ ഭീഷണിയെ കുറിച്ച് ഹാരിസ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.ഹാരിസിന്റെ സ്വത്തുവകകൾ നോക്കി നടത്തിയിരുന്നവരെ പോലും സംഘം ആക്രമിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.
ഹാരിസ് 2020 ൽ അബുദാബിയിൽ വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് ഷൈബിൻ പൊലീസിന് നൽകിയ മൊഴി. ഹാരിസിന്റെ മരണം കൊലപാതകമാണോയെന്നാണ് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ പരാതി ഉയരുന്നത്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിലൊരാൾ ഹാരിസ് ആണ്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫിന്റെ ലാപ്‌ടോപിൽ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.
പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംശയങ്ങൾക്ക് ഇട നൽകാതെ ആത്മഹത്യയെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ട് പേരെ എങ്ങനെ കൊലപ്പെടുത്താമെന്നാണ് ഭിത്തിയിൽ പതിപ്പിച്ച ചാർട്ടിലുള്ളത്. ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയാണിതെന്നാണ് വിവരം. കൃത്യത്തിൽ പങ്കെടുക്കുന്നവർക്ക് ആസൂത്രണ സമയത്ത് തന്നെ ജോലികൾ നിശ്ചയിച്ചു നൽകിയതായി പുറത്തു വന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്. തെളിവുകൾ നശിപ്പിക്കാനും വിശദമായ പദ്ധതി രേഖയിലുണ്ട്.
ചാർട്ടിൽ പറയുന്ന വിവരങ്ങൾ
‘ഷഫീക്ക് അജ്മൽ നൗഷാദ് എന്നിവർ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയിൽ വെൽവെറ്റ് പീസ് വയ്ക്കാൻ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നിൽക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കൽ ടെക്‌നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. എന്നാൽ പൂർണമായും അഴിക്കാതെ.. നൗഷാദ് ബാക്കിൽ വലിച്ചു പിടിച്ച് ..അജ്മൽ പാഡുകൾ പൂർണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച് പാഡ് മാറ്റുക…ഇനി കെട്ടണ്ട…’ -ഭിത്തിയിൽ ഒട്ടിച്ച പേപ്പറിൽ എഴുതിയിരിക്കുന്ന ചില ഭാഗങ്ങൾ ഇങ്ങനെയാണ്.
‘കയ്യിലെ കെട്ടഴിച്ച് പാഡുകൾ മാറ്റുക. അജ്മൽ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറിൽ കയറിയിരിക്കുക…കാൽ പിടിക്കണ്ട. വായിൽ കെട്ടഴിച്ച് മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോൾ തന്നെ അജ്മൽ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക..ഷബീബ് വായ പൊത്തിപ്പിടിക്കുക… തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡ്ഡിൽ കിടത്തി ഷമീം കാവൽ നിൽക്കുക. ‘
‘സ്റ്റീൽ ടൂൾ ഉപയോഗിച്ച് അവളുടെ വായിൽ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കിൽ എടുത്ത് ട്രിപ്പിൾ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.’- പേപ്പറിൽ എഴുതിയിരിക്കുന്ന മറ്റു ഭാഗങ്ങൾ ഇങ്ങനെയാണ്.
2020ൽ അബുദാബിയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് സൂചന. സംഘത്തലവൻ ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഇവർ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയിൽ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളിൽ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയിൽ ചിത്രീകരിച്ചത്.
‘എന്റെ സേഫ്റ്റിക്കു വേണ്ടിയാണ് ഇത്. ആവശ്യം വന്നുകഴിഞ്ഞാൽ മാത്രമേ ഇത് ഉപയോഗിക്കുള്ളൂ’ എന്നും പറഞ്ഞാണ് ബ്ലൂപ്രിന്റുകൾ ഒട്ടിച്ച ഭിത്തി വിഡിയോയിൽ കാണിക്കുന്നത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകർത്തിയിരുന്നത്. കേസിലെ പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ഷൈബിൻ അഷ്‌റഫിന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽനിന്ന് രക്തക്കറയുള്ള ആയുധങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവർ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് പരിശോധന നടത്തുമ്പോൾ ഇതിന്റെ തുമ്പ് കിട്ടിയേക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. മൃതദേഹം പുഴയിൽ തള്ളിയിട്ട് 17 മാസം കഴിഞ്ഞതിനാൽ അവശിഷ്ടം കണ്ടെത്താമെന്ന പ്രതീക്ഷയില്ല. കഷണങ്ങളാക്കിയാണ് തള്ളിയതും. അതുകൊണ്ടാണ് രക്തക്കറ കണ്ടെത്താൻ ശ്രമിക്കുന്നത്. ആയുധങ്ങളിലെ രക്തക്കറ എളുപ്പം മായില്ലെന്നത് പൊലീസിനു പ്രതീക്ഷയാണ്. രക്തക്കറ കിട്ടിയാൽ ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്തും. രണ്ടും പൊരുത്തപ്പെട്ടാൽ നിർണായക സാഹചര്യത്തെളിവാകും.
പ്രതികളിൽനിന്ന് പിടികൂടിയ പെൻഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ കലവറയാണ്. നാട്ടുവൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾക്കുപുറമേ നിഗൂഡത നിറഞ്ഞ പലതും ഇതിലുണ്ട്. ഫോൺ പാസ്വേഡ് വാങ്ങൽ, പെണ്ണിനെ തീർക്കൽ, സെർച്ച് ചെയ്യാനുള്ള ഏരിയ വീതിക്കൽ, നടപ്പാക്കൽ, അവളെ വലിക്കൽ തുടങ്ങിയ തലക്കെട്ടുകളിൽ ഒറ്റവായനയിൽ കാര്യം പിടികിട്ടാത്ത നിരവധി കുറിപ്പുകളും ഇതിലുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ നിഗൂഢതയുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.