മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച് ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ രാജി വെച്ച മലപ്പുറം നഗരസഭ അംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ പോലീസ് പിടിയിൽ. വയനാട്ടിലെ മുത്തങ്ങ അതിർത്തിയിലെ ഹോം സ്റ്റേയിലായിരുന്നു ഇയാൾ.

ഈ മാസം 8 മുതൽ ഇയാൾ ഒളിവിൽ ആയിരുന്നു. ഏഴാം തീയതി ആണ് പരാതിക്കാരിയുടെ മൊഴിയെടുത്ത് പോലീസ് പോക്സോ വകുപ്പുകൾ ശശികുമാറിനെതിരെ ചുമത്തിയത്. ഇതിനു പിന്നാലെ ശശികുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.
നിലവിൽ ഒരു പരാതി മാത്രമാണ് പോലീസിന് ലഭിച്ചത്. ഇതിലാണ് മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തിയിട്ടുള്ളത്. കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതും അന്വേഷിക്കുമെന്ന് മലപ്പുറം സി ഐ ജോബി തോമസ് പറഞ്ഞു.


ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എം എസ് എഫ് എഫ് തുടങ്ങിയ സംഘടനകൾ മലപ്പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സംഭവത്തിൽ ശശികുമാറിനെ സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. നേതൃത്വം ശശികുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തിരുന്നു.


30 വർഷത്തെ സർവീസിൽ നിരവധി വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണം ആണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്.
കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർഥിളുടെ കൂട്ടായ്മ ഉന്നയിച്ചത്.
“30 വർഷത്തോളം കാലം ഈ അധ്യാപകൻ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. എത്ര കുട്ടികളെ ഇക്കാലത്തിനിടയിൽ ഇയാള് ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറയാൻ ആകില്ല. പരാതിയുമായി ടീച്ചർമാരുടെ അടുത്ത് ചെന്നാൽ കൊഞ്ചാനും കുഴയാനും പോകേണ്ട എന്ന മറുപടി ആണ് കുട്ടികൾക്ക് കിട്ടാറുള്ളത്. എന്ത് കൊണ്ടാണ് സ്കൂള് മാനേജ്മെൻ്റ് ഈ അധ്യാപകനെ സംരക്ഷിച്ചു കൊണ്ടിരുന്നത്”. കൂട്ടായ്മയുടെ ഭാഗമായ അഡ്വ. ബീന പിള്ള ചോദിച്ചു.