ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി.പി. സൈതലവിക്ക്


മലപ്പുറം : ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രഥമ ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും വാഗ്മിയും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി. സൈതലവി അര്‍ഹനായി. ന്യൂനപക്ഷ ശാക്തീകരണത്തിനും, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചീഫ് പാട്രണ്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അബുദാബി മലപ്പുറം ജില്ല കെ.എം.സി.സി.യുമായി സഹകരിച്ചു നല്‍കുന്ന അവാര്‍ഡ് മെയ് 26ന് വൈകിട്ട് മൂന്നിന് മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് റോഡിലെ വുഡ് ബൈന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രന്‍, പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ടി.പി. ചെറൂപ്പ, പി.ആർ.ഡി മുന്‍  അഡീഷണൽ ഡയറക്ടര്‍ പി.എ. റഷീദ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ന്യൂനപക്ഷ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍, ‘ പരിഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പഠനാര്‍ഹവും ഗവേഷണ റഫറന്‍സിന് ഉതകുന്നതുമായ എഴുത്തുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട് .
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ മാപ്പിള കലാ അക്കാദമിയായി പരിവര്‍ത്തിപ്പിച്ചത് ഇദ്ദേഹം ചെയര്‍മാനായ സമയത്താണ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സെക്രട്ടറി, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡണ്ട്, സി.എച്ച്. കലാസാഹിതീ ചെയര്‍മാന്‍, ഓപ്പണ്‍ഫോറം, അന്യോന്യം, സംബോധന തുടങ്ങിയ സാംസ്‌കാരിക ചര്‍ച്ച വേദികള്‍ക്ക് നേതൃത്വം നല്‍കുന്നു. ‘സീതി സാഹിബ് വഴിയും വെളിച്ചവും’, ‘ഓര്‍മ്മയുടെ തലക്കെട്ടുകള്‍’, ‘അടയാത്ത വാതില്‍’, ‘മതം-സമൂഹം-സംസ്‌കാരം ശിഹാബ് തങ്ങള്‍’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ആയിരത്തില്‍ പരം ലേഖനങ്ങളും സെമിനാര്‍ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. സഊദി കെ.എം.സി.സി. സി.എച്ച്. അവാര്‍ഡ്, യു.എ.ഇ. കെ.എം.സി.സി. റഹീം മേച്ചേരി അവാര്‍ഡ്, സലാല കെ.എം.സി.സി. ജേര്‍ണലിസ്റ്റ് അവാര്‍ഡ്, ‘ ഖത്തര്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ പത്ര പ്രവര്‍ത്തക അവാര്‍ഡ്, ഉബൈദ് ചങ്ങലീരി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പ്രാദേശിക ലേഖകനില്‍ നിന്ന് തുടങ്ങി പത്രാധിപര്‍ വരെ എത്തിയ അപൂര്‍വ്വ നേട്ടം സെയ്തലവിക്കുണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ട്  ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു.
പത്രസമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പഠന കേന്ദ്രം ചെയര്‍മാന്‍ എ.കെ. സൈനുദ്ധീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, വൈസ് ചെയര്‍മാന്‍ എ.എം. അബൂബക്കര്‍, ജോയിന്റ് ഡയറക്ടര്‍ കെ.ടി. അമാനുള്ള, എം. മുഹമ്മദ് സലീം, ‘ അബൂദാബി മലപ്പുറം ജില്ലാ കെ.എം.സി.സി. വൈസ് പ്രസിഡൻറ് ബഷീർ വറ്റലൂർ എന്നിവര്‍ പങ്കെടുത്തു.