ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പാണ് ഗതാഗത മന്ത്രി നല്‍കുന്നത്. ദേശീയ പണിമുടക്ക് ദിവസങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കുമെന്നും ഇവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്.
ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെയും, ഈ മാസം അഞ്ചിന് നടത്തിയ പണിമുടക്കിയവരുടെയും ശമ്പളം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്നും വിട്ട് നിന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. ഇത്തരത്തില്‍ ജോലിയില്‍ നിന്നും വിട്ട് നിന്നവരുടെ പട്ടിക അടിയന്തിരമായി സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ പട്ടിക സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് എതിരായാണ് ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ മാര്‍ച്ച് 28, 29 തീയ്യതികളില്‍ പണിമുടക്കിയത്. അന്ന് 13 ശതമാനം ജീവനക്കാര്‍ മാത്രമായിരുന്നു ജോലിക്ക് എത്തിയത്. ഇതിന് ശേഷം ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്ന് മുന്ന് ദിവസങ്ങളില്‍ കൂടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്ന നിലയുണ്ടായി. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ നടപടി പുരോഗമിക്കെയാണ് ദേശീയ പണിമുടക്ക് ദിനത്തിലേക്ക് കൂടി വകുപ്പ് നടപടി വ്യാപിപ്പിക്കുന്നത്. ഇതോടെ അഞ്ച് ദിവസത്തെ ശമ്പളം ജീവനക്കാരില്‍ നിന്നും പിടിക്കുന്ന നിലയുണ്ടാവും.
ഇത്തരത്തില്‍, ജീവനക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ ഏതദേശം 10 മുതല്‍ 15 കോടി വരെ ശമ്പള ഇനത്തില്‍ കുറവ് വരുമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് എതിരെ ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കുമ്പോള്‍ അത് ഇടത് പക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്നതും ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കും.
ശമ്പള പ്രതിസന്ധിയുള്‍പ്പെടെ കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിവിടെ മന്ത്രിയും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ ഭിന്നത രൂക്ഷമാവുന്നതിനിടെയാണ് പുതിയ നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. ഏപ്രില്‍ മാസത്തെ ശമ്പളം ഇതുരെ ജീവനക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഇതിനിടെ ജീവനക്കാരെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി നിരന്തരം രംഗത്ത് എത്തിയതും ഭിന്നത രൂക്ഷമാക്കുകയാണ്. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഭരണകക്ഷി തൊഴിലാളി സംഘടനകള്‍ വരെ രംഗത്ത് എത്തിയിരുന്നു.
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ആന്റണി രാജു പണിമുടക്കിയ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയത് നേരത്തെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ജീവനക്കാര്‍ സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മെയ് 10ന് ശമ്പളം നല്‍കാമെന്ന് ഉറപ്പു നല്‍കിയത്. എന്നാല്‍ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്‌മെന്റും തീരുമാനിക്കട്ടേയെന്നായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം. സര്‍ക്കാര്‍ നല്‍കിയ വാക്ക് യൂണിയനുകള്‍ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി നിലപാട് എടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് പണിമുടക്കിയ ജീവനക്കാര്‍ക്ക് എതിരെ നടപടി കടുപ്പിക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്