പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി
മലപ്പുറം: കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു. രഹസ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ,എന്നിവയുപയോഗിച്ച് ക്രൂരമായി മർദിച്ചു. കൊല്ലപ്പെട്ടത് സ്വർണക്കടത്ത് കാരിയറും, കൊല്ലിച്ചത് സ്വർണം കടത്തിയ സൂത്രധാരനും.
സൗദിയിൽ നിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീൽ(42) നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി പെരിന്തൽമണ്ണ ,ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ആക്കപ്പറമ്പ് കാര്യമാട് സ്വദേശി യഹിയയെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ,മേലാറ്റൂർ സിഐ ഷാരോൺ എന്നിവരടങ്ങുന്ന സംഘം ആക്കപ്പറമ്പ് രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്.
യഹിയ വിദേശത്തുനിന്നും കാര്യർമാർ മുഖേന സ്വർണം എയർപോർട്ട് വഴി കടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. സൗദിയിൽ നിന്നും നാട്ടിലേക്ക് സ്വർണ്ണകള്ളക്കടത്ത് നടത്തുന്ന യഹിയയുടെ പാർട്ണർമാർ നാട്ടിലേക്ക് വന്ന ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.200 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ് തട്ടിക്കൊണ്ടുപോയത്.
എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് ജലീലിനോട് സ്വർണ്ണത്തെകുറിച്ച് ചോദിച്ച് ആദ്യം പെരിന്തൽമണ്ണ ജൂബിലിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു. അതിനുശേഷം ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബർതോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യ കേന്ദ്രത്തിലും കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ,എന്നിവയുപയോഗിച്ചാണ് മർദ്ദിച്ചത്. കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസും മറ്റും കൊടുത്തിരുന്നു. ഈ കേസിൽ നേരത്തേ അറസ്റ്റ് ചെയ്ത മണികണ്ഠൻ,റഫീഖ് മുഹമ്മദ് മുസ്തഫ,അനസ് ബാബു, മുഹമ്മദ് അബ്ദുൾ അലി ,അൽത്താഫ് എന്നിവർ യഹിയയുടെ കൂടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ജലീലിനെ മർദ്ദിച്ചതിൽ പങ്കുള്ളവരുമാണ്.
15 ന് രാവിലെ റോഡിൽ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് കാറിൽ പെരിന്തൽമണ്ണ സ്വകാര്യഹോസ്പിറ്റലിൽ ജലീലിനെയെത്തിച്ച് രക്ഷപ്പെടുന്നത്. തുടർന്ന് മൊബൈലും സിം കാർഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്ണ്യാൽ, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിൽ ആൽത്താമസമില്ലാത്ത പ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് യഹിയയെ രക്ഷപ്പെടാൻ സഹായിച്ചവരെ അറസ്റ്റ് ചെയ്ത് അന്വേഷണം ശക്തമാക്കിയ പൊലീസ് ആക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തിൽ യഹിയ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച് യഹിയയെ പിടികൂടുകയായിരുന്നു.
പ്രതിയെ പെരിന്തൽമണ്ണ മാനത്തുമംഗലത്ത് തട്ടിക്കൊണ്ടുപോയി പാർപ്പിച്ച വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതായും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും കേസിൽ പ്രതിയെ സഹായിച്ചവരെയടക്കം കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ അറിയിച്ചു.
മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ ,സിഐ മാരായ സുനിൽ പുളിക്കൽ ,ഷാരോൺ , എസ്‌ഐ മാരായ സി.കെ.നൗഷാദ്,സി.എസ്ഷാരോൺ, ഷിജോ തങ്കച്ചൻ, ജൂനിയർ എസ്‌ഐ.ഷൈലേഷ് , പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ.സതീഷ്‌കുമാർ, സി.പി.മുരളീധരൻ ,പ്രശാന്ത് പയ്യനാട് ,എൻ.ടി.കൃഷ്ണകുമാർ,മനോജ് കുമാർ ,ദിനേഷ് .കെ, പ്രഭുൽ .കെ, രജീഷ്,രാജേഷ്.ഐ.പി., ബൈജു,മുഹമ്മദ് ഫൈസൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .