ഇലക്ട്രിക്കല്‍ കരാറുകാരുടെ തൊഴിലവസരം നഷ്ടപ്പെടുത്തരുത്
മലപ്പുറം ; അഞ്ചു കോടി രൂപ വരെയുള്ള പ്രവര്‍ത്തിയുടെ ടെണ്ടറുകള്‍ ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം പുനഃസ്ഥാപിക്കണമെന്ന് കേരള ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
നിലവില്‍ പൊതുമരാമത്ത് പ്രവര്‍ത്തികളും ഇലക്ട്രിക്കല്‍ പ്രവര്‍ത്തികളും വേര്‍തിരിച്ചാണ് ടെണ്ടര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ച് ഇലക്ട്രിക്കല്‍ പ്രവൃര്‍ത്തികള്‍ പൂര്‍ണ്ണമായും സിവില്‍ പ്രവര്‍ത്തിയോട് ചേര്‍ത്ത് ഒറ്റ ടെന്‍ഡറായി വിളിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിക്കലാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ കരാറുകാര്‍ പ്രത്യേകം സാങ്കേതിക പരിജ്ഞാനം നേടിയവരും പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി സിവില്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ തന്നെ ഇലക്ട്രിക്കല്‍ ടെന്‍ഡറുകള്‍ വിളിക്കാത്തത് ആണ് ഈ മേഖലയിലെ പ്രശ്‌നത്തിന് പ്രധാന കാരണം. പുതിയ നിയമം മൂലം ഇലക്ടിക്കല്‍ കരാറുകാരും അവരുടെ തൊഴിലാളികളും തൊഴില്‍ രഹിതരായി മാറിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഡിഫക്ട് ലൈബിലിറ്റിയുടെ കാലദൈര്‍ഘ്യം നീട്ടിയത് പിന്‍വലിക്കുക,ഒരു ലക്ഷത്തിന് മുകളിലുള്ള വര്‍ക്കുകള്‍ക്ക് ഇ ടെണ്ടര്‍ വേണമെന്ന വ്യവസ്ഥ പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി വി കെ സി മമ്മദ് കോയ (രക്ഷാധികാരി),വി ജോയ് എം എല്‍ എ ( പ്രസിഡന്റ്), കെ ജെ വര്‍ഗീസ് (വര്‍ക്കിംഗ് പ്രസിഡന്റ്), ബി എം കൃഷ്ണന്‍ നായര്‍, അബ്ബാസ് കുറ്റിപ്പുളിയന്‍(വൈസ് പ്രസിഡന്റുമാര്‍), പി വി കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ജോമോന്‍,വി ഒ മഹേഷ് (സെക്രട്ടറിമാര്‍), പി മോഹന്‍ദാസ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.