കെ എ ടി എഫ് അക്കാദമിക് കിറ്റ് ആയിരം വിദ്യാലയങ്ങളിലേക്ക്
മലപ്പുറം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ അക്കാദമിക് കിറ്റ് ആയിരം വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്തു. പ്രവേശനോത്സവ ബാനര്‍, ദിനാചരങ്ങളുടെ മള്‍ട്ടി കളര്‍ പോസ്റ്ററുകള്‍, അറബി അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത ബലൂണുകള്‍, അറബിയിലുള്ള സൂചനാ ബോര്‍ഡുകള്‍, ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൈഡ്, ദിനാചരണ ക്വിസ് മത്സരങ്ങള്‍ക്കുള്ള ചോദ്യാവലികള്‍, അലിഫ് ടാലന്റ് ടെസ്റ്റ് മാത്യകാ ചോദ്യങ്ങള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്നതാണ് അക്കാദമിക് കിറ്റ്.
ജില്ലാ അക്കാദമിക് വിംഗിന് കീഴിലാണ് കിറ്റ് തയ്യാറാക്കിയത്. അക്കാദമിക് ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം എന്ന നിലയിലാണ് അക്കാദമിക് കിറ്റ് തയ്യാറാക്കുന്നത്. കിറ്റിന്റെ പ്രകാശന കര്‍മ്മം ഡിഡിഇ കെ.എസ് കുസുമം, ഡി പിഒ സുരേഷ് കൊളശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു.കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് സി.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡിപിഒ എം.ഡി മഹേഷ്‌കുമാര്‍ ,ഐ.എം.ജി മിന്നത്ത് ടീച്ചര്‍, കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എ റസാഖ്, ജില്ലാ ട്രഷറര്‍ എം പി ഫസല്‍ , അക്കാദമിക് വിംഗ് ചെയര്‍മാന്‍ സി.സലീം, കണ്‍വീനര്‍ എ.പി അബ്ദുല്‍ അലി സംബന്ധിച്ചു.