പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി


മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ച ആർഷോ ഒളിവിൽ ആണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

പെരിന്തൽമണ്ണയിൽ ആയിരുന്നു എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം. 23 ന് ആരംഭിച്ച സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. നാല് ദിവസവും സമ്മേളനത്തിൽ ആർഷോ സജീവമായി പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുൻപിലും വിദ്യാർത്ഥി നേതാവ് പ്രത്യക്ഷനായി. ഇതോടെ ആർഷോ ഒളിവിലാണെന്ന പോലീസ് വാദമാണ് പൊളിയുന്നത്.

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ് ആർഷോ. ഇതിന് പുറമേ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ് ഇയാൾ. റാഗിംഗ് ഉൾപ്പെടെ നിരവധി കേസുകളാണ് ആർഷോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്തിടെ എംജി സർവ്വകലാശാല ക്യാമ്പസിൽ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭത്തിൽ ആർഷോ പ്രതിയാണ്. എറണാകുളം ലോ കോളേജിൽ ആർഷോയ്‌ക്കെതിരെ റാഗിംഗ് പരാതിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ പേരിൽ ആർഷോയെ സസ്‌പെൻഡും ചെയ്തിരുന്നു.

2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിലാണ് ആർഷോ അറസ്റ്റിലായത്. കേസിൽ പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ തുടർന്നതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 28നായിരുന്നു കോടതി ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെ ആർഷോ ഒളിവിലാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.