ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു? വിവരം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

കണ്ണൂർ: ഹോട്ടലുകളും തട്ടുകടകളുമടക്കം ഒരിക്കൽ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. ഇത്തരം എണ്ണകൾ ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത് എന്നതാണ് അന്വേഷിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാനാണ് ഭക്ഷ്യസുരക്ഷാവിഭാഗം വിവരം ശേഖരിക്കുന്നത്. ജില്ലകളിൽ ഇപ്പോൾ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്.

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്. ഇത്തരം എണ്ണകൾ ശേഖരിക്കുന്ന വിവിധ ഏജൻസികൾ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും ജൈവ ഡീസൽ ഉണ്ടാക്കാനാണ് വാങ്ങുന്നത്. എന്നാൽ, ഇവ ഭക്ഷ്യ എണ്ണയായി വീണ്ടും എത്തുന്നുണ്ടോ എന്നതാണ് സംശയം. ഇത് കണ്ടുപിടിക്കാനാണ് പരിശോധന. ഉപയോഗിച്ച എണ്ണ ഏത് ഏജൻസിക്ക് നൽകുന്നു, ഏജൻസി എത്ര രൂപ നൽകും, എത്ര അളവാണ് ശേഖരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണെടുക്കുന്നത്. കിലോയ്ക്ക് 40 രൂപമുതൽ 60 രൂപവരെ നൽകുന്നുണ്ട്.

ഹോട്ടൽ, ഫ്രൈഡ് ചിക്കൻ സ്ഥാപനങ്ങളിലാണ് എണ്ണ കൂടുതൽ ഉപയോഗിക്കുന്നതും ഉപയോഗിച്ചവ വിൽക്കുന്നതും. ഉപയോഗിച്ച വെജിറ്റബിൾ ഓയിൽ (വെളിച്ചെണ്ണ, സൺഫ്‌ളവർ, പാം ഓയിൽ) ശേഖരിക്കാൻ സംസ്ഥാനത്ത് ഏജൻസികളുണ്ട്. കുടുംബശ്രീ വഴി തട്ടുകടകളിൽനിന്ന് ഇവ ശേഖരിച്ച് ഏജൻസിക്ക് ഒന്നിച്ച് കൈമാറുനുള്ള സജ്ജീകരണവും നടക്കുന്നുണ്ട്. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു എന്നത് പരിശോധിക്കുന്നുണ്ട്. പരിശോധന ഊർജിതമായി നടക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് പറഞ്ഞു.

പരിശോധന തുടങ്ങി
കണ്ണൂർ ജില്ലയിൽ തട്ടുകടകൾ, സ്‌നാക്‌സ് ഉണ്ടാക്കുന്ന കടകൾ, ഹോട്ടലുകൾ ഉൾപ്പെടെ 19 സ്ഥാപനങ്ങൾ പരിശോധിച്ചു. ടി.പി.സി. (ടോട്ടൽ പോളാർ കോമ്പൗണ്ട്) മീറ്റർ ഉപയോഗിച്ചാണ് പരിശോധന. ടി.പി.സി. 25-നുമുകളിൽ വരുമ്പോഴാണ് എണ്ണ ദോഷകരമാകുന്നത്. ജില്ലയിൽ ആദ്യപരിശോധന നടത്തിയവയിൽ ടി.പി.സി. 25-നു താഴെയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.