അരീക്കോട് ഭർതൃഗൃഹത്തിൽ ആരുമില്ലാത്ത സമയത്തെ യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി
മലപ്പുറം: അരീക്കോട് യുവതി ഭർതൃഗൃഹത്തിൽ ആളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. ഇരു കൈകളിലെയും ഞരമ്പ് മുറിച്ചും എലി വിഷം കഴിച്ചുമാണ് മെയ്് 15 ന് അരീക്കോട് ഓടക്കയം വെറ്റിലപ്പാറ നെടുങ്കുന്നേൽ രാഹുലിന്റെ ഭാര്യ ആതിര (27) മരണപ്പെട്ടത്. ആതിര കടുംകൈ ചെയ്തത് വീട്ടിൽ ആളില്ലാത്ത സമയത്താണെന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്നാൽ മരണസമയത്ത് മാറോടണച്ചു കിടന്ന കുഞ്ഞിന്റെ ദേഹത്ത് ഒരു തുള്ളി രക്തം പോലുമില്ല. സംഭവത്തിന് രണ്ടു ദിവസം മുമ്പ് രണ്ടു സ്ത്രീകൾ ഇവരുടെ വീട്ടിൽ വന്ന് പ്രശ്‌നമുണ്ടാക്കിയതായി അയൽവാസികൾ ആരോപിക്കുന്നു. ആതിരയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മറ്റിയും ആവശ്യപ്പെട്ടു.
നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ രണ്ടര വയസ്സുള്ള കുഞ്ഞും ഉണ്ട്. ഇക്കഴിഞ്ഞ മെയ് 15ന് ക്ഷേത്രത്തിൽ പോയ ഭർതൃമാതാവ് തിരികെ വന്നപ്പോഴാണ് ആതിരയുടെ മുറി അകത്തു നിന്നും കുറ്റിയിട്ട നിലയിൽ കണ്ടത്. ആതിരയെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭർതൃപിതാവിനെ വിവരമറിയിക്കുകയായിരുന്നു.
തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്തിരുന്ന തൊഴിലാളി എത്തി വാതിൽ കുത്തി തുറന്ന് അകത്ത് കടന്നപ്പോൾ കുഞ്ഞിനെ മാറോടണച്ച് കിടക്കുന്ന ആതിരയെ കണ്ടുവെന്നാണ് മൊഴി. ആതിരയെ ഉടൻ അരീക്കോട് സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും 20ന് മരണപ്പെടുകയായിരുന്നു.
ഇരുകൈകളിലെയും ഞരമ്പ് മുറിച്ച ആതിര കുഞ്ഞിനെ മാറോടണച്ചു കിടന്നുവെന്നു പറയുന്നുവങ്കിലും കുഞ്ഞിന്റെ ദേഹത്ത് ഒരു തുള്ളി രക്തം പോലുമായതായി കണ്ടില്ലെന്നത് ദുരൂഹമാണ്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് രണ്ടു സ്ത്രീകൾ ഇവരുടെ വീട്ടിൽ വന്ന് പ്രശ്‌നമുണ്ടാക്കിയതായി അയൽവാസികൾ പറയുന്നു. തുടർന്ന് പഠിക്കാൻ രാഹുൽ അനുവദിച്ചില്ലെന്ന് ആതിര ആശുപത്രിയിലെ നഴ്‌സുമാരോട് പറഞ്ഞതായും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
സംഭവം കേവലം ആത്മഹത്യയാക്കി ചിത്രീകരിച്ച് നടപടികൾ അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമമെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും ആക്ഷൻ കമ്മറ്റി പരാതി നൽകിയിട്ടുണ്ട്.