സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രാനുമതിയ്ക്കായി വീണ്ടും ശ്രമം നടത്തുന്നത്. അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് സര്‍ക്കാര്‍ കത്ത് നല്‍കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു റെയില്‍വേ ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതിയത്. 2020 ജൂണ്‍ 17 നായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കേരളം നല്‍കിയത്. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് കാണിച്ച് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത സര്‍വ്വേക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. സംയുക്ത സര്‍വ്വേ തീരുന്ന മുറയ്ക്ക് അനുമതി നല്‍കണമെന്നാണ് കത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം സര്‍വേകല്ലിടന്നതിനെതിരെ സംസ്ഥാനത്തുടനീളം ശ്ക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിയിരുന്നു. ജിപിഎസ് സര്‍വ്വേയിലേക്ക് മാറാനാണ് തീരുമാനമെങ്കിലും അതും തുടങ്ങിയിട്ടില്ല. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തിനിര്‍ണയം നടത്താനും സ്ഥിരം നിര്‍മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദേശിച്ചിരുന്നു.
സാമൂഹിക ആഘാത പഠനം നടത്തുന്നവര്‍ സ്ഥലം തിരിച്ചറിയാനും അലൈന്‍മെന്റ് മനസിലാക്കാനും ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സര്‍വേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈല്‍ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാന്‍ഡ് റവന്യു കമ്മീഷണര്‍മാര്‍ക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡില്‍ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോള്‍ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടര്‍ന്നു സര്‍വേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നു.