കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ വഫയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി വഫ നജീം സമർപ്പിച്ച വിടുതൽ ഹർജിയുടെ പകർപ്പ് ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാരിന് നൽകാത്തതുമായി ബന്ധപ്പെട്ട് വഫയ്ക്ക് വിചാരണ കോടതിയുടെ രൂക്ഷ വിമർശനം.
വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡി.ജില്ലാ സെഷൻസ് കോടതിയാണ് വഫയെ രൂക്ഷമായി വിമർശിച്ചത്. വിടുതൽ ഹർജി സെപ്തംബർ രണ്ടിന് മുമ്പ് പ്രോസിക്യൂഷന് നൽകാൻ ഉത്തരവിട്ട ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അന്ന് വാദം ബോധിപ്പിക്കാൻ നിർദ്ദേശിച്ചു. ശ്രീറാമും വഫയും കോടതിയിൽ ഹാജരായി. അതേസമയം കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് സെഷൻസ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.