കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ടുപേർ പിടിയിൽ. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ ഒന്നര കിലോഗ്രാം സ്വർണമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നാണ് 70,97,750 രൂപയുടെ സ്വർണം പിടികൂടിയത്.
കാസർഗോഡ് ഹോസ്ദുർഗ് കടപ്പുറം ആയിഷ മൻസിലിൽ റഊഫ് (23), കോഴിക്കോട് പയ്യോളി കാഞ്ഞിരമുല്ലപ്പറമ്പ് കെ.പി നൗഷാദ് (32) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബഹ്റൈനിൽ നിന്നു ഗൾഫ് എയർ വിമാനത്തിലാണ് റഊഫ് കരിപ്പൂരിലെത്തിയത്. 764 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. ഖത്തറിൽ നിന്നു ഒമാൻ എയർ വിമാനത്തിലാണ് നൗഷാദ് കരിപ്പൂരിലെത്തിയത്.
765 ഗ്രാം സ്വർണമാണ് ഇയാളിൽ കണ്ടെടുത്തത്. ഇരുവരും ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞു ടെർമിനലിന് പുറത്തു കടന്ന ഇവരെ കരിപ്പൂർ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ വച്ചാണ് പിടികൂടിയത്.
ഇരുവരും മൂന്നു സ്വർണ്ണ ഗുളികകൾ വീതം ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്.
സംശയം തോന്നിയതോടെ പൊലീസ് നടത്തിയ എക്സറെ പരിശോധനയിലാണ് സ്വർണ്ണ ഗുളികകൾ കണ്ടെത്തിയത്. കാരിയർമാരെ കൂട്ടിക്കൊണ്ടു പോകാനെത്തിയവർക്ക് വേണ്ടി പൊലീസ് വിമാനത്താവള പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പതിവായി സ്വർണം പിടികൂടി തുടങ്ങിയതോടെ കാരിയർമാരെ കൂട്ടിക്കൊണ്ടു പോവാനെത്തുന്ന സംഘങ്ങൾ ഇപ്പോൾ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാതെ മാറി നിൽക്കുകയാണ് പതിവ്.