മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കം: കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ലക്ഷ്യം. സ്വപ്നയുടെ രഹസ്യമൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. കള്ളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങില്ല. മൊഴിയുടെ വിശ്വസനീയത കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ആദ്യമായല്ല ആരോപണം കേൾക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കമാണ് നടക്കുന്നത്. ജനങ്ങളെ അണിനിരത്തി കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നീക്കമാണ്. സ്വർണക്കടത്ത് കേസ് അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തിന് ആദ്യം കത്തയച്ചത് മുഖ്യമന്ത്രിയാണ്.

അമേരിക്കയിൽ മൂന്ന് പ്രാവശ്യം പോയിട്ടുണ്ട്. അതെല്ലാം ചികിത്സയ്ക്ക് വേണ്ടിയാണ്. ചികിത്സയുടെ എല്ലാ ചെലവും വഹിച്ചത് പാർട്ടിയാണ്. ഷാജ് കിരണിനെ അറിയില്ലെന്നും ആദ്യമായിട്ടാണ് ആ പേര് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.