ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ കേസെടുക്കാൻ ധൈര്യമുണ്ടോ?: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.മുഖ്യമന്ത്രിയ്‌ക്ക് ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. മുഖ്യമന്ത്രിയ്‌ക്ക് അറിയാവുന്നത് പറയുകയോ ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയോ ആണ് ആ രണ്ട് വഴികളെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നതോടെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി. കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് ഒളിക്കാൻ പലതും ഉണ്ട് അതാണ് മുഖ്യമന്ത്രിക്ക് ഇത്ര വെപ്രാളമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

മുഖ്യമന്ത്രിക്ക് അമേരിക്കയിൽ നിക്ഷേപമുണ്ടെന്ന് ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ അയാളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയിലുള്ളത് ഗൗരവതരമായ കാര്യങ്ങളാണ്. സ്വപ്ന സുരേഷിന്റെ 164 അനുസരിച്ചുള്ള മൊഴിയേക്കാൾ ഗുരുതരമാണ് ഇടനിലക്കാരനായ ഷാജ് കിരണിന്റെ വാക്കുകളെന്നും അപകീർത്തികരമായ കാര്യമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും, അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അടിയ്‌ക്കടി മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിനെക്കുറിച്ച് പാർട്ടിക്ക് അകത്തു തന്നെ വിമർശനമുണ്ടെന്നും അമേരിക്കയിൽ പോകുന്നത് ചികിത്സയ്‌ക്ക് തന്നെയാണോ എന്നും അദ്ദേഹം ചോദിച്ചു.കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചെന്ന് വിഡി സതീശൻ കരുതേണ്ടത് ഇല്ല. പിണറായി വിജയനെ ലാവ്ലിൻ കേസിൽ രക്ഷപ്പെടുത്തിയത് കോൺഗ്രസുകാർ ആണെന്ന് സതീശൻ ഓർമിക്കണം. മുഖ്യമന്ത്രിയുടെ രാജിക്കായി വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.