എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട’; മുഖ്യമന്ത്രി
കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെയാണ് പൊലീസ് അടച്ചത്. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു പൊലീസ് നടപടി.
വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവർത്തകർക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മദ്ധ്യമേഖലാ ഐ.ജി.അര്‍ഷിത അട്ടല്ലൂരിയാണ് കോട്ടയത്ത് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപ് ഹാളിൽ കയറണമെന്നായിരുന്നു നിർദേശം. പരിപാടിക്ക് എത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും പറഞ്ഞിരുന്നു. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നവരെ കറുത്തമാസ്‌ക് ധരിക്കുന്നതിൽ നിന്നും വിലക്കി. കറുത്ത മാസ്‌ക് മാറ്റാന്‍ ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയരുന്നുണ്ട്.
നഗരത്തിൽ മാമോദീസ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ കുടുംബത്തെ പൊലീസ് തടഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായി കുടുംബം അറിയിച്ചു. പലയിടത്തും പൊതുജനം പൊലീസുമായി വാക്കുതർക്കമുണ്ടായി.
11 മണിക്കാണ് കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പ്രതിനിധി സമ്മേളനം ആരംഭിക്കാനിരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് യോഗം 10.30നാക്കി. ഇതിനായി രാവിലെ 8.30ന് തന്നെ നഗരത്തോട് ചേർന്ന് ക്രമീകരണങ്ങൾ തുടങ്ങി. ഇതോടെ നഗരത്തിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും പോകാൻ പുറപ്പെട്ട വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയാസമുണ്ടായി.