വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും; സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം
കോഴിക്കോട്; തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഇതിനിടെ കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെ ആക്രമണം. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി ഇന്നും സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പലയിടത്തും നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു.
അതേസമയം തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.