നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്: സംഘാടക സമിതി രൂപീകരിച്ചു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കും. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി മലപ്പുറം ടൗൺ ഹാളിലാണ് പരിപാടി. മൺമറഞ്ഞുപോയ ജില്ലയിലെ മഹാന്മാരായ കലാകാരന്മാരെ അനുസ്മരിച്ചുകൊണ്ട് സ്മൃതി സദസുകൾ, സാംസ്കാരിക സെമിനാറുകൾ, സർഗ വനിതാ സംഗമം, കലാകാര കൂട്ടായ്മകൾ, മുതിർന്ന കലാകാരന്മാരെ ആദരിക്കൽ, തലമുറകളുടെ സംഗമം, സംസ്ഥാന ബാലയരങ്ങ് ഓൺലൈൻ കലോത്സവം സമ്മാനവിതരണം, സാംസ്കാരിക സമ്മേളനം തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലധികം പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. മലപ്പുറത്ത് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നന്മ സംസ്ഥാന പ്രസിഡൻ്റും സംഗീത നാടക അക്കാദമി വൈസ് ചെയർമാനുമായ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി ആമുഖ പ്രഭാഷണം നടത്തി, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിൽസൺ സാമുവൽ, കലാമണ്ഡലം സത്യവ്രതൻ, ട്രഷറർ മനാേ മോഹൻ, സർഗ വനിതാ സംസ്ഥാന പ്രസിഡൻ്റ് സി. രമാദേവി, സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, ട്രഷറർ അജിത നമ്പ്യാർ, കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രദീപ് ഗോപാൽ, ജില്ലാ പ്രസിഡൻറ് ലുഖ്മാൻ അരീക്കോട്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഉമേഷ് നിലമ്പൂർ, പ്രമോദ് തവനൂർ, കൃഷ്ണനുണ്ണി, മലപ്പുറം മേഖലാ സെക്രട്ടറി ഹനീഫ് രാജാജി എന്നിവർ പ്രസംഗിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ചെയർമാനും ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം ജനറൽ കൺവീനറുമായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.