ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് എം എ യൂസഫലി 25 ലക്ഷം രൂപ നൽകും
ഷൊർണൂർ: അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് വ്യവസായി എം എ യൂസഫലി 25 ലക്ഷം രൂപ നൽകും. ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയർമാൻ സഹായം നൽകാൻ നിർദേശിച്ചിരിക്കുന്നത്. കല്ലിപ്പാടത്തെ ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി ചെക്ക് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
ചികിത്സയ്ക്കായി 13 കോടി രൂപ ഇതുവരെ സമാഹരിച്ചിട്ടുണ്ട്. മരുന്നെത്തിക്കാനായി യു എസിലെ കമ്പനിയിലേക്ക് ഓർഡർ നൽകുകയും ചെയ്തുവെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ആദ്യഘട്ടം നൽകേണ്ട തുകയും കൈമാറി. ഷൊർണൂർ കല്ലിപ്പാടം കുന്നത്ത് ഹൗസിൽ ലിജുവിന്റെയും നിതയുടെയും മകളാണ് ഗൗരീലക്ഷ്മി. ലിജു ശാരീരികവെല്ലുവിളി നേരിടുന്നയാളാണ്.
രണ്ടു മാസത്തിനകം ജീൻ തെറാപ്പി ചികിത്സ ലഭിച്ചാൽ കുഞ്ഞിന് സാധാരണജീവിതം ലഭിക്കും. എന്നാൽ 16 കോടിരൂപ ചെലവുള്ള ചികിത്സ താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. രണ്ടുവയസ്സിനകം ചികിത്സ ലഭിക്കണം. കുട്ടിക്ക് ഇപ്പോൾ ഒരു വയസ്സും പത്തുമാസവുമായി. അടിയന്തരചികിത്സ നൽകിയാലേ പ്രയോജനമുള്ളൂ. ജനങ്ങളുടെ സഹായത്താൽമാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്ന് അച്ഛൻ കെ എൽ ലിജു പറഞ്ഞിരുന്നു.
സാധാരണപ്രസവം ആയിരുന്നു. കൃത്യസമയത്തുതന്നെ കഴുത്തുറയ്‌ക്കുകയും നീന്തുകയും ചെയ്തു. എന്നാൽ മുട്ടിൽ ഇഴയുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പി കെ ദാസ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ബംഗളൂരു ബാപ്‌റ്റിസ്‌റ്റ് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി ആണെന്ന് സ്ഥിരീകരിച്ചത്. ഒരുതവണത്തെ ചികിത്സയിലൂടെതന്നെ കുട്ടിക്ക് സുഖമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു പ്രശ്‌നം.