ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്
പൊന്നാനി: വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു.
വിപണിയില്‍ കുഞ്ഞന്മീനുകള് സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു.
മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പിടികൂടിയത്. താനൂരില്‍നിന്ന് പിടിച്ചെടുത്ത മീന്‍ ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്ത് കുഴിച്ചുമൂടി. പൊന്നാനിയില്‍നിന്ന് പിടികൂടിയ മീന്‍ കടലിലേക്ക് തള്ളി.
മീന്‍പിടികൂടിയ യാനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി. അനിത, അസി. ഫിഷറീസ് എക്സറ്റന്ഷന് ഓഫീസര്‍ അരുണ്‍ഷൂരി, റെസ്ക്യൂ ഗാര്‍ഡുമാരായ സലീം, ജാഫര്‍, സെമീര്‍, അന്‍സാര്‍ തുടങ്ങിയവരും പോലീസും കോസ്റ്റല്‍ വാര്‍ഡര്‍മാരും ചേര്‍ന്നാണ് ഹാര്‍ബറില്‍ പരിശോധന നടത്തിയത്.
—