വിദേശ കറൻസി കടത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ, ഇന്ത്യൻ കറൻസിയുമായി മധ്യവയസ്കൻ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുൽ റഹീം (63 )ആണ് പിടിയിലായത്.
ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ യാത്രക്കാരനായിരുന്നു ഇയാൾ.
തുടർന്ന് കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളിൽ നിന്ന് 27,56,000 രൂപയുടെ കറൻസി
വിമാനത്താവളത്തിലെ കസ്റ്റംസ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.
114520 രൂപയുടെ യൂ.എ.ഇ ദിർഹവും 24000 രൂപയുടെ സൗദി കറൻസിയും 48000 രൂപയുടെ ഇന്ത്യൻ കറൻസിയുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃത സ്വർണകള്ളക്കടത്ത് വ്യാപകമായി തുടരുന്നതിനിടയിലാണ് 27 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയിരിക്കുന്നത്. അതേസമയം ഇന്നലെയും വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവാവിനെ പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് വിദേശ കറൻസിയുമായി മധ്യവയസ്കൻ പിടിയിലായത്.