മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേയ്‌ക്കാണ് പുതിയ കാർ എത്തുന്നത്. ഇതിനായി 33 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയേക്കുന്നത്. കിയ കാർണിവൽ ലിമോസിൻ കാറാണ് മുഖ്യമന്ത്രിക്കായി പുതുതായി എത്തുന്നത്. കറുത്ത നിറത്തിൽ തന്നെയായിരിക്കും പുതിയ കാറും. കഴിഞ്ഞ ഡിസംബർ അവസാനമാണ് ഇന്നോവ ക്രിസ്റ്റ മുഖ്യമന്ത്രിയ്‌ക്കായി വാങ്ങിയത്. ക്രിസ്റ്റ വാങ്ങി മാസങ്ങൾ മാത്രം കഴിയുമ്പോളാണ് പുതിയ വാഹനം മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കായി സർക്കാർ മേടിക്കുന്നത്.

മുഖ്യമന്ത്രിക്ക് വാങ്ങാനിരുന്ന ടാറ്റ ഹാരിയറിന് പുറമെയാണ് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ കിയ കാർണിവൽ ലിമോസിൻ വാങ്ങുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലുള്ള മൂന്ന് ടൊയോട്ടാ ഇന്നവോ ക്രിസ്റ്റയും പുതിയ വാഹനമായ കിയ കാർണിവൽ ലിമോസിനും ഉൾപ്പെടെ നാല് വാഹനങ്ങൾ വാങ്ങാൻ അനുമതി ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കിയ കാർണിവൽ ലിമോസിന് മാത്രം ചിലവാകുന്നത് 33,31,000 രൂപയാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹങ്ങൾക്കായി കോടികളാണ് സർക്കാർ ചിലവഴിക്കുന്നത്. നാല് വാഹനങ്ങൾ വാങ്ങാനാണ് ഡിജിപി അനുമതി തേടിയിരിക്കുന്നത്. 80 ലക്ഷത്തിന് മേൽ തുകയാണ് ഇതിനായി സർക്കാർ ചിലവഴിക്കേണ്ടി വരിക. വാഹനങ്ങൾ എല്ലാം തന്നെ കറുത്ത നിറത്തിലാവും എത്തുക. മുഖ്യമന്ത്രിയുടെ സുരക്ഷ എന്ന പേരിലാണ് കാറുകൾ വാങ്ങുവാനുള്ള സർക്കാർ നീക്കം.