എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു, അക്രമത്തിന് പിന്നിൽ കോൺഗ്രസെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ഇന്നലെ രാത്രി സ്കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തു എറിഞ്ഞു. രാത്രി 11.35ഓടെയാണ് യുവാവ് എ.കെ.ജി സെന്ററിന്റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. എറിഞ്ഞത് നാടൻബോംബാണെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലെത്തി സ്ഫോടകവസ്തു എറിയുന്ന ദൃശൃങ്ങൾ സി.സി.ടി.വിയിൽ നിന്നും ലഭിച്ചു.
സംഭവം നടക്കുമ്പോൾ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്ററിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും സ്ഥലത്തെത്തി. ബോംബ് ആക്രമണമാണ് ഉണ്ടായതെന്നും അക്രമത്തിന് പിന്നിൽ കോൺഗ്രസാണെിന്നും ഇ.പി.ജയരാജൻ ആരോപിച്ചു. ഇത്തരത്തിലൂള്ള ഭീകരപ്രവർത്തനം കോൺഗ്രസ് നടത്തിവരികയാണ്.എന്തും ചെയ്യുമെന്ന നിലയിലേക്ക് കോൺഗ്രസ് മാറിയിരിക്കുന്നു. ബാക്കി കാര്യങ്ങളൊക്കെ അന്വേഷണത്തിൽ തെളിയുമെന്നും ജനങ്ങൾ ഇതിനോട് പ്രതികരിക്കുമെന്നും ജയരാജൻ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൻന്റോൺമെന്റ് പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് എ.കെ.ജി സെൻററിൻെറ സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ നിയോഗിച്ചു. നഗരത്തിലെ മറ്റ് പാർട്ടി ഓഫീസുകൾക്കും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രി തിരുവനന്തപുരം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.