എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായി എഡിജിപി; അതിവേഗം അറസ്റ്റുണ്ടാകും
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പ്രകാരം ഒരാൾ മാത്രമാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് വ്യക്തമാവുന്നത്. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോയെന്ന് അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് നേരത്തെ സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് എൽഡിഎഫ് ആരോപണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തള്ളി.എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി ഇപി ജയരാജൻ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.