പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസ്; ഇഡി അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം. കേസില്‍ പരാതിക്കാരന്റേയും ക്വാറി ഉടമയുടേയും മൊഴി നാളെയെടുക്കും. പരാതിക്കാരന്‍ മലപ്പുറം നടുത്തൊടിക സലീം, ക്വാറി അന്‍വറിന് വിറ്റ ഇബ്രാഹിം എന്നിവര്‍ക്ക് ഇഡി നോട്ടീസ് അയച്ചു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്താനാണ് നിര്‍ദേശം. അന്‍വറുമായുള്ള എല്ലാ ഇടപാടുകള്‍ സംബന്ധിച്ചുമുള്ള നോട്ടീസ് ഹാജരാക്കാന്‍ ഇവരോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി അവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

ദക്ഷിണ കര്‍ണാടക സ്വദേശിയാണ് ഇബ്രാഹിം. നേരത്തെ 50 ലക്ഷം രൂപ വാങ്ങി പി വി അന്‍വര്‍ വഞ്ചിച്ചുവെന്നാരോപിച്ച് പ്രവാസി കൂടിയായ സലീം ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.

ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍, ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.