മുതിർന്ന അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു.

തിരൂർ: മലപ്പുറത്തെ അഭിഭാഷക കാരണവര്‍ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു. ഇന്ന് വൈകീട്ട് തിരൂര്‍ താഴെപ്പാലത്തെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ. ആറ് പതിറ്റാണ്ടോളം നീണ്ട അഭിഭാഷക ജീവിതത്തിനാണ് തിരശ്ശീല വീണത്. സിവില്‍ നിയമങ്ങളില്‍ അഗാധ പ്രാവീണ്യമുണ്ടായിരുന്ന അബ്ദുല്ലക്കുട്ടി വക്കീല്‍ ഒട്ടേറെ നിയമജ്ഞരുടെ ഗുരുവര്യന്‍ കൂടിയാണ്.

മൂന്നു മാസം മുമ്പ് വരെ നിയമ വ്യവഹാരങ്ങളില്‍ വ്യാപൃതനായിരുന്നു അബ്ദുല്ലക്കുട്ടി വക്കീല്‍. വീടിനോട് ചേര്‍ന്നുളള ഓഫിസില്‍ രാവിലെ എത്തിയാല്‍ രാത്രി വൈകും വരേയും അദ്ദേഹം നിയമപുസ്തകങ്ങളുടെ ഇടയിലായിരുന്നു. സിവില്‍ നിയമങ്ങളിലെ അഗാധ പാണ്ഡിത്യവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എതിര്‍ അഭിഭാഷകര്‍ വാദമുഖങ്ങള്‍ ശബ്ദത്തോടെ നിരത്തിയാലും അബ്ദുല്ലക്കുട്ടി വക്കീലിന്റെ വാദം ശാന്തപ്രകൃതത്തോടെയായിരിക്കും. കോടതിയെയും എതിര്‍ അഭിഭാഷകരേയും അങ്ങേയറ്റം ബഹുമാനത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. അത് കൊണ്ടുതന്നെ എല്ലാവരുടേയും പ്രിയങ്കരനുമായി. സിവില്‍ നിയമങ്ങളിലെ പരിജ്ഞാനം അഗാധമായിരുന്നു. സിവില്‍ നിയമവശങ്ങള്‍ തേടി പ്രമുഖരായ അഭിഭാഷകര്‍ പോലും അദ്ദേഹത്തെ സമീപിക്കുമായിരുന്നു. പലതവണ തിരൂര്‍ കോടതിയില്‍ ഗവ. പ്ലീഡറായിട്ടുണ്ട്. ഇടത്, വലത് സര്‍ക്കാരുകള്‍ ഒരുപോലെ അദ്ദേഹത്തെ പ്ലീഡറായി നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ ഒന്നാംനിര സിവില്‍ അഭിഭാഷകനായിരുന്ന പരപ്പില്‍ മാധവ മേനോന്റെ കീഴിലായിരുന്നു പ്രാക്ടീസിന്റെ തുടക്കം. ഒറ്റപ്പാലം കോടതിയിലായിരുന്നു ആദ്യകാലത്തെ സേവനം. പിന്നീട് തിരൂരിലേക്ക് മാറിയതോടെ തിരൂരുകാരനായി മാറി. വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദീര്‍ഘകാലം തിരൂര്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നിട്ടുണ്ട്. അഭിഭാഷക വൃത്തിയില്‍ 50വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വക്കീലിനെ തിരൂര്‍ ബാര്‍ അസോസിയേഷന്‍ ആദരിച്ചിരുന്നു. മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ്. ദീര്‍ഘകാലം സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. താഴെപ്പാലം ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃസ്ഥാനവും വഹിച്ചു. പരേതയായ ആമിനക്കുട്ടിയാണ് ഭാര്യ. തിരൂരില്‍ അഭിഭാഷകനായ കെ.വി സാബിര്‍, റിയാദിലെ ബെഞ്ചമാര്‍ക്ക് ടെക്‌നോളജീസ് സി.ഇ.ഒ കെ.വി സഹീര്‍, സാജിദ എന്നിവര്‍ മക്കളും ദുബൈയില്‍ ആര്‍ക്കിടെക്ക്റ്റായ ഷാനവാസ്, സനം സീനം, നിസിന്‍ എന്നിവര്‍ മരുമക്കളുമാണ്. ബുധനാഴ്ച രാവിലെ 11ന് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. 85കാരനായ അബ്ദുല്ലക്കുട്ടി വക്കീലിന്റെ വിയോഗത്തോടെ 58 വര്‍ഷം പിന്നിട്ട അഭിഭാഷക ജീവിതമാണ് അവസാനിച്ചിരിക്കുന്നത്.

പരേതരായ അബ്ദുല്‍ അസീസ്, പ്രഫ. കെ.വി അബ്ദുറഹ്മാന്‍, ഡോ. കെ.വി കുഞ്ഞിമൂസ, കെ.വി കുഞ്ഞിബാവ, കെ.വി ഹംസ, കെ.വി കുഞ്ഞിമുഹമ്മദ് കുട്ടി, നഫീസ മറിയം എന്നിവര്‍ സഹോദരങ്ങളാണ്.