അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും
ന്യൂഡൽഹി: രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം. പാക്ക് ചെയ്ത് ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍വരും. വിലക്കയറ്റത്തില്‍ വലയുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് ജിഎസ്ടി നിയമത്തില്‍ അപ്രതീക്ഷിത ഭേദഗതി.
നാളെ മുതല്‍ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% അധിക വില നല്‍കേണ്ടി വരും.. ഒരു കിലോ അരിക്ക് രണ്ടരരൂപവരെ കൂടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച്, ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായത്.
ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി. ധന്യങ്ങള്‍ക്ക് പുറമെ പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം നാളെ മുതല്‍ 5% ജിഎസ്ടി നിലവില്‍ വരും… പ്രീ-പാക്ക് ചെയ്ത മാംസം മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലസി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും നാളെ പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച് പല ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും