കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം; കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തിട്ടുളളത്. പാർട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും കെ എസ് ഹംസയെ മാറ്റിനിർത്തി.
കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.
എറണാകുളത്ത് നടന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു പാർട്ടിക്കെതിരേയും കുഞ്ഞാലിക്കുട്ടിക്കെതിരേയും വിമർശനമുയർന്നത്. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തകയില്ലാതെയാണ് പാര്‍ട്ടിയുടെ അഭിപ്രായമായി കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതെന്നായിരുന്നു പ്രധാനപ്പെട്ട ഒരു വിമര്‍ശനം. ഫണ്ട് ശേഖരണത്തിലെ സുതാര്യത, ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ നിലനിര്‍ത്തല്‍ എന്നിവയിലൂന്നിയാണ് വിമര്‍ശനങ്ങള്‍ കടുത്തത്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണോ യുഡിഎഫിലോണോയെന്ന് പ്രവര്‍ത്തകര്‍ക്ക് സംശയമാണെന്ന് കെഎസ് ഹംസ വിമര്‍ശിച്ചു. ഇതോടെ താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും പ്രചരിച്ചിരുന്നു.
യോഗത്തിൽ പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉയർന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ശരിവെച്ചിരുന്നു. ചന്ദ്രിക വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടുന്ന വര്‍ട്ടിയാണ് മുസ്ലിംലീഗ്, എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചു എന്നത് നൂറ്റാണ്ടിലെ വലിയ തമാശയാണെന്നായിരുന്നു സലാമിന്റെ പ്രതികരണം.