നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് നിന്ന് നീറ്റ് പരീക്ഷ കഴിഞ്ഞ് പുനലൂരിലേക്കുള്ള ട്രെയിനിലാണ് അക്ഷയ് കയറിയത്. പരീക്ഷ കഴിഞ്ഞെന്നും ട്രെയിനിൽ വരികയാണെന്നുമുള്ള കാര്യം വീട്ടുകാരെ വളിച്ചു അറിയിച്ചിരുന്നു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുപോകാൻ അക്ഷയുടെ സഹോദരൻ സ്റ്റേഷനിൽ കാത്തിനിൽക്കുന്നുണ്ടായിരുന്നു.
കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കയറിയ ട്രെയിൻ കുരി സ്റ്റേഷനിൽ നിർത്തിയില്ല. സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ വേഗം കുറച്ചിരുന്നു. ഈ സമയത്ത് അക്ഷയ് ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ട്രെയിൻ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.