പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ
കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എ എസ് ഐ ഷെയർ ചെയ്ത സംഭവത്തിൽ കടുത്ത അച്ചടക്ക നടപടിയുമായി ഉന്നത പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ഈരാറ്റുപേട്ട സ്വദേശിനി റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. മധ്യമേഖലാ ഡിഐജി നീരജ് കുമാർ ഗുപ്ത ആണ് റംലയെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷം ജില്ലാ പോലീസ് മേധാവി ഡിഐജി നീരജ് കുമാർ ഗുപ്തക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. റംലക്കെതിരെ നടപടിയെടുക്കണം എന്ന ശുപാർശ ചെയ്തുകൊണ്ടാണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ചുകൊണ്ടാണ് റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാൻ ഉന്നത പോലീസ് നേതൃത്വം തീരുമാനമെടുത്തത്.
തിരക്കുപിടിച്ച നടപടിക്രമങ്ങളുമായി പോലീസ് രംഗത്ത് വന്നിരുന്നു. അതേസമയം താനല്ല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് എന്ന് റംല ഇസ്മയിൽ പൊലീസിന്റെ ആഭ്യന്തര അന്വേഷണ സമിതിക്ക് മൊഴി നൽകി. തന്റെ ഫേസ്ബുക്ക് ഉപയോഗിച്ച് ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നാണ് റംലയുടെ മൊഴി. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്തു ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഡിഐജി നീരജ് ഗുപ്തക്ക് റിപ്പോർട്ട് നൽകിയത്. പോലീസിന് വേണ്ട അച്ചടക്കം അടക്കമുള്ള കാര്യങ്ങളിൽ റംല വീഴ്ച വരുത്തി എന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനാകില്ല എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 31 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി പറഞ്ഞിരുന്നു. ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എങ്കിലും ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് വിവാദമായത്.
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന് തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരുന്നു. പോലീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത നടപടിയാണ് അന്ന് സ്വീകരിച്ചത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐയും ഈരാറ്റുപേട്ട സ്വദേശിനിയുമായ റംല ഇസ്മയിൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തത് എന്നതാണ് ശ്രദ്ധേയം.
നേരത്തെ പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം പ്രതിയായിരുന്നു. പൊലീസിനുള്ളിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന നുഴഞ്ഞുകയറ്റം ഏറെ ജാഗ്രതയോടെ കാണണം എന്ന നിർദ്ദേശമാണ് ഉന്നത പോലീസ് നേതൃത്വം നൽകിയിരിക്കുന്നത്.