ചക്രശ്വാസം വലിച്ച് തിരൂര്‍ ബസ് സ്റ്റാന്‍ഡ്പുതിയ ബസ് സ്റ്റാന്‍ഡ് വേണമെന്നാവശ്യം ശക്തം

തിരൂര്‍: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും നൂറു കണക്കിന് ബസുകളുമെത്തുന്ന തിരൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കുരുക്ക് രൂക്ഷം. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും തിരിയ്ക്കുന്നതിനുമെല്ലാം പെടാപാടാണെന്നു ഡ്രൈവര്‍മാരും ബസ് ജീവനക്കാരും. 20ഓളം ട്രാക്കുകളുള്ള ബസ് സ്റ്റാന്‍ഡില്‍ നൂറിലേറെ ബസുകളാണ് ദിനംപ്രതി സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ക്കു കൂടി ട്രാക്ക് അനുവദിച്ചതോടെയാണ് കുരുക്ക് രൂക്ഷമായതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.


താനൂര്‍, പരപ്പനങ്ങാടി, ചാലിയം, കോഴിക്കോട്, കുറ്റിപ്പുറം, പൊന്നാനി, തൃശൂര്‍, ഗുരുവായൂര്‍, പുറത്തൂര്‍, കൂട്ടായി, വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, വഴിക്കടവ്, നിലമ്പൂര്‍ മേഖലകളില്‍ നിന്നടക്കം നൂറിലേറെ ബസുകളാണിവിടെയെത്തുന്നത്. ഇതുകൂടാതെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നെത്തുന്ന ചെറുകിട സര്‍വീസുകളുമുണ്ട്. ഈ ബസുകളെല്ലാമെത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ കുരുങ്ങുകയാണ് ബസ് സ്റ്റാന്‍ഡ്.
യാത്രക്കാര്‍ക്കും കുരുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിക്കുന്ന ബസുകള്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ മറ്റൊരു ബസ് സ്റ്റാന്‍ഡിലെത്തുമ്പോള്‍ യാത്രക്കാരുടെ ജീവനാണ് ഭീഷണിയാകുന്നത്. കൃത്യസയമത്ത് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടിട്ടില്ലെങ്കില്‍ ബസ്ജീവനക്കാര്‍ തമ്മില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാവുമെന്നതിനാല്‍ വേഗത്തില്‍ ബസെടുത്തു പോകുമ്പോള്‍ അപകട ഭീഷണിയുണ്ടാകുന്നുമുണ്ടെന്നു യാത്രക്കാരും പരാതിപ്പെടുന്നു.
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റാന്‍ഡിലെ തിരക്കും നഗരത്തിലെ തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായി താഴേപ്പാലം സ്റ്റേഡിയത്തിനടുത്ത് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന ആശയമുണ്ടായിരുന്നു. ഈ ആശയം പുതിയ കാലത്ത് നടപ്പാക്കാനായാല്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. താഴേപ്പാലം മിനി മൊബിലിറ്റി ഹബായി ബസ് ടെര്‍മിനല്‍ തുടങ്ങിയാല്‍ നിലവിലെ ബസ് സ്റ്റാന്‍ഡിലെ തിരക്ക് കുറയ്ക്കാനാകും. ഇതു സംബന്ധിച്ച ആശയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്.