ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം
ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിട
ുത്തെ ബങ്കുകള്‍ക്ക് നമ്പറില്ലെന്ന കാരണത്താലാണ് തൃപ്രങ്ങോട് പഞ്ചായത്ത് ഫുഡ് സ്ട്രീറ്റ് പൂട്ടിച്ചത്. എന്നാല്‍ നമ്പറിട്ടു നല്‍കേണ്ട പഞ്ചായത്ത് അനാവശ്യകാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നിഷേധിക്കുകയാണെന്നാണ് കച്ചവടക്കാരുടെ പരാതി.
എറണാകുളം-കോഴിക്കോട് ജില്ലാ ഹൈവേയില്‍ രാത്രി യാത്രക്കാരെ ഉള്‍പ്പടെ ആകര്‍ഷിക്കുന്ന ഫുഡ് സ്ട്രീറ്റായിരുന്നു ചമ്രവട്ടത്തേത്. ഏറെ ആകര്‍ഷകമായ ഭക്ഷണ കടകളും രുചികരമായ ഭക്ഷണവും തേടി നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ടായിരുന്നു. നിരവധി ഫുഡ് വ്‌ളോഗര്‍മാരും ഇവിടെയെത്തി വിഡിയോ ചെയ്യാറുണ്ടായിരുന്നു. തിരൂര്‍ മേഖലയിലെ ടൂറിസം സാധ്യതയെ ഏറെ ശക്തിപ്പെടുത്തുന്ന ഒന്നായി ചമ്രവട്ടം ഫുഡ് സ്ട്രീറ്റ് മാറുമെന്ന് ഉദ്ഘാടന വേളയില്‍ അന്നത്തെ മന്ത്രി കൂടിയായിരുന്ന കെ.ടി. ജലീല്‍ പറഞ്ഞിരുന്നു. ടൂറിസം സാധ്യതകളെ തകര്‍ക്കുന്ന തരത്തില്‍ പഞ്ചായത്തുകളുടെ അനാവശ്യ ഇടപെടലുകളുണ്ടാവരുതെന്ന പാര്‍ട്ടി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശം പോലും കാറ്റില്‍ പറത്തിയാണ് സിപിഎം ഭരിക്കുന്ന തൃപ്രങ്ങോട് പഞ്ചായത്ത് ഫുട് സ്ട്രീറ്റിന്റെ കടയ്ക്കല്‍ കത്തി വച്ചിരിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയെന്നാണ് പഞ്ചായത്തിന്റെ ആക്ഷേപം. എന്നാല്‍ താരതമ്യേന സൗകര്യം കുറവുള്ള ബങ്കറുകള്‍ യാത്രക്കാര്‍ക്കിരിക്കാനായി സൗകര്യം ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഫുഡ് സ്ട്രീറ്റ് ലേലം ചെയ്തത്. ലേലം പിടിച്ചവരാണ് ഇവിടെ കച്ചവടം നടത്തുന്നതും. എന്നാല്‍ ഇവരെ പുറത്താക്കുന്നതിനുള്ള ഗൂഢശ്രമമാണിവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. സിഐടിയു അംഗത്വമുള്ളവര്‍ മാത്രം തട്ടുകടകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പഞ്ചായത്തെന്നും കച്ചവടക്കാര്‍ പറയുന്നു. ഇതിനായി തങ്ങളുടെ കടകള്‍ക്കു മേല്‍ സിഐടിയു കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്. യൂണിയന്‍ താത്പര്യമാണ് മനോഹരമായ ഒരു ടൂറിസം കേന്ദ്രത്തെ തകര്‍ക്കുന്നതിനു കാരണമെന്ന ആക്ഷേപം വ്യാപകമാണ്. വിഷയത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചര്‍ച്ച നടത്തുമെന്നാണ് തൃപ്രങ്ങോട് പഞ്ചായത്തിന്റെ നിലപാട്. നൂറി കണക്കിന് കുടുംബങ്ങളാണ് ഇത്തരം തട്ടുകടകളിലൂടെ ജീവിതം മുന്നോട്ടു നീക്കുന്നത്. ഒരു മാസമായി അവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഒരു സജീവ വ്യാപാര മേഖലയായതു കൊണ്ടു തന്നെ പ്രദേശത്തെ ഇറച്ചി, പാല്‍, മുട്ട ഉള്‍പ്പടെയുള്ള അനുബന്ധ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. രാഷ്ട്രീയം മറന്ന് ചമ്രവട്ടം ഫുഡ് സ്ട്രീറ്റ് തുറന്നു കൊടുക്കണമെന്നാണ് സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.
നമ്പറിട്ട് ലൈസന്‍സ് നല്‍കാന്‍ തയാറാകണം: ഷഹീര്‍ , കച്ചവടക്കാരന്‍
ഫുഡ് സ്ട്രീറ്റിലെ കടകള്‍ക്ക് നമ്പറിട്ട് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകണം. അനധികൃത നിര്‍മാണങ്ങളൊന്നും നടത്തിയിട്ടില്ല. ഒരു വര്‍ഷം മുന്‍പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഫുഡ് സ്ട്രീറ്റ് തുറന്നത്. നിരവധി തവണ ലൈസന്‍സിനായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. ജീവനോപാധിയാണ് നിന്നു പോയിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നാണ് പഞ്ചായത്തിനോട് അപേക്ഷിക്കാനുള്ളത്.
കുടുംബം ജീവിക്കണം, പഞ്ചായത്ത് കനിയണം -പ്രവീൺ, തട്ടുകടക്കാരൻ
ഫുഡ് സ്ട്രീറ്റിലെ തട്ടുകടകളെ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെചുക്കുമ്പോള്‍ രാഷ്ട്രീയം നോക്കരുത്. ഞങ്ങളെല്ലാവരും ജീവിക്കാന്‍ വേണ്ടിയാണ് തട്ടുകട നടത്തുന്നത്. കോവിഡ് മഹാമാരി വരുത്തി വച്ച വിനാശത്തിനു ശേഷമുള്ള ആശ്വാസമായിരുന്നു ഫുഡ് സ്ട്രീറ്റ്. ശുചിത്വ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയാറാണ്. ദയവായി ഞങ്ങളുടെ കയ്യില്‍ മണ്ണുവാരിയിടരുതെന്നാണ് പഞ്ചായത്തിനോട് അപേക്ഷിക്കാനുള്ളത്.